ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിൽ മാവോയിസ്റ്റ് ആക്രമണം; 10 പൊലീസുകാരടക്കം 11 പേർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബാക്രമണത്തിൽ 10 ​പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരനും കൊല്ലപ്പെട്ടു. പ്രശ്ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറിൽ ആറൻപൂർ പൊലീസ് സ്റ്റേഷനു സമീപമാണ് ദുരന്തം. ആറൻപൂരിലെ മാവോവാദി സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്റ്റ് റിസർവ് ​ഗാർഡ് (ഡി.ആർ.ജി) സംഘമാണ് ആക്രമണത്തിനിരയായത്. 50 കിലോ അത്യാധുനിക സ്ഫോടക വസ്തുക്കളാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും ദാരുണ മരണമൊരുക്കിയത്. സ്ഫോടനം റോഡിൽ കൂറ്റൻ ഗർത്തമുണ്ടാക്കി. പരിസരത്തെ മരങ്ങളും നിലംപൊത്തി. വാടകക്കെടുത്ത വാഹനത്തിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം 20 അടി ദൂരേക്ക് തെറിച്ചാണ് നിലംപതിച്ചത്. മൂന്നു സംസ്ഥാനങ്ങൾ അതിരു പങ്കിടുന്ന ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്ക് മാവോയിസ്റ്റ് സംഘം ഉൾക്കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്.

കടുത്ത നീക്കങ്ങളുമായി സുരക്ഷാസേന ശക്തമായി രംഗത്തുള്ളതിനാൽ പ്രദേശത്ത് നിയന്ത്രണം പിടിക്കാനുള്ള അവസാന ശ്രമമാണ് ആക്രമണമെന്ന് സംശയമുണ്ട്. വർഷത്തിൽ ശരാശരി 400ലേറെ മാവോയിസ്റ്റുകൾ കീഴടങ്ങുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സുന്ദർരാജ് പറഞ്ഞു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇപ്പോഴും മാവോയിസ്റ്റ് നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റുകൾക്കെതിരായ ദൗത്യങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവർഗക്കാരുൾപ്പെ​ട്ട നാട്ടുകാരാണ് ആക്രമണത്തിനിരയായ ഡിസ്ട്രിക്റ്റ് റിസർവ് ​ഗാർഡിലെ അംഗങ്ങൾ. ബസ്തറിൽ മാവോയിസ്റ്റുകൾക്കെതിരായ നിരവധി നീക്കങ്ങളിൽ ഡി.ആർ.ജി പ്രധാന സാന്നിധ്യമാണ്.

ആറൻപൂരിലെത്തി മടങ്ങുന്നതിനിടെ റോഡിൽ സ്ഥാപിച്ച കൂറ്റൻ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാദ മേഖല. ഇവിടെ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാണെങ്കിലും പതിയിരുന്നുള്ള മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങളും അനവധി.

പൊലീസുകാരുടെ രക്തസാക്ഷിത്വം എന്നെന്നും ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടുക്കം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേലിനെ വിളിച്ച് വിഷയങ്ങൾ അന്വേഷിച്ചു. 

Tags:    
News Summary - 10 Cops, Driver Killed In Blast By Maoists In Chhattisgarh's Dantewada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.