10വർഷം തടവും ലക്ഷം പിഴയും; കർണാടക നിർബന്ധിത മതപരിവർത്തന കരടുബില്ലിൽ കടുത്ത വ്യവസ്​ഥകൾ

ബംഗളൂരു: നിർബന്ധിത മതപരിവർത്തനത്തിന്​ പ്രേരിപ്പിക്കുന്നവർക്കെതിരായ നിയമനിർമാണ​ത്തിനൊരുങ്ങി കർണാടക. മതപരിവർത്തനത്തിന്​ പ്രേരിപ്പിക്കുന്നവർക്ക്​ 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമടക്കമുള്ള കടുത്ത വ്യവസ്​ഥകൾ കരടുബില്ലിൽ ഉൾപ്പെടുത്തിയേക്കും.

ബെലഗാവിയിലെ ശീതകാല സമ്മേളനത്തിൽ കർണാടക നിയമസഭയിൽ ബി.ജെ.പി സർക്കാർ ബിൽ അവതരിപ്പിച്ചേക്കും. മതപരിവർത്തനത്തിന്​ മുമ്പ്​ ജില്ല മജിസ്​ട്രേറ്റിനോ അഡീഷണൽ ജില്ല മജിസ്​ട്രേറ്റിനോ അതേ റാങ്കിൽ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്​ഥനോ മതപരിവർത്തനത്തിന്‍റെ ഫോം രണ്ടിൽ മുൻകൂർ അറിയിപ്പ്​ നൽകണം.

കർണാടക പ്രൊട്ടക്ഷൻ ഓഫ്​ റൈറ്റ്​ ടു ഫ്രീഡം ഓഫ്​ റിലീജിയൻ ബിൽ 2021 (കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ) പ്രകാരം നിർബന്ധിത മതപരിവർത്തനം മാത്രം ഉദ്ദേശിച്ചുള്ള വിവാഹങ്ങൾ അസാധുവായി പ്രഖ്യാപിക്കും.

തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യം നൽകിയോ, വിവാഹത്തിനുവേണ്ടി സമ്മർദ്ദം ചെലു​ത്തിയോയുള്ള മതപരിവർത്തനം തടയലാണ്​ ബില്ലിന്‍റെ ലക്ഷ്യമെന്ന്​ പറയുന്നു.

നിർബന്ധിച്ച്​ മതം മാറ്റുന്ന കേസുകളിൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ്​ ശിക്ഷ. നിർബന്ധിച്ച്​ മതപരിവർത്തനം ചെയ്​തവരിൽ പ്രായപൂർത്തിയാകാത്തവർ, എസ്​.സി/എസ്​.ടി വിഭാഗത്തിൽപ്പെട്ട സ്​ത്രീകൾ എന്നിവർ ഉൾപ്പെട്ടിട്ടു​ണ്ടെങ്കിൽ മൂന്ന്​ മുതൽ 10 വർഷം വരെ തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചേക്കാം. കൂടാതെ കൂട്ട മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്ക്​ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. മതപരിവർത്തനത്തിന്​ വിധേയമായവർക്ക്​ നഷ്​ടപരിഹാരമായി പരമാവധി അഞ്ചുലക്ഷം രൂപ കൈമാറണമെന്നും വ്യവസ്​ഥയുണ്ട്​.

മതം മാറാൻ ഉദ്ദേശിക്കുന്നവർ 60 ദിവസം മു​െമ്പങ്കിലും കലക്​ടർ അല്ലെങ്കിൽ സമാന റാങ്കിലുള്ള ഉദ്യോഗസ്​ഥന്​ രേഖാമൂലം വിവരം അറിയിക്കണം. തന്‍റെ സ്വതന്ത്ര്യ സമ്മതത്തോടെയും ബലപ്രയോഗമോ നിർബന്ധമോ ഇല്ലാതെയാണ്​ മതം മാറാൻ ആഗ്രഹിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കണം. മതംമാറി 30 ദിവസത്തിനകവും വിവരം അറിയിക്കണം. മതപരിവർത്തനത്തിന്​ അപേക്ഷ ലഭിച്ചാൽ ജില്ല മജിസ്​ട്രേറ്റ്​ പൊലീസ്​ മുഖേന അന്വേഷണം നടത്തണമെന്നും പറയുന്നു. 

Tags:    
News Summary - 10 Years Jail 1 Lakh Rs Fine In Karnatakas Proposed Anti Conversion Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.