അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധിച്ച് കുട്ടികൾ ഉൾപ്പടെ എട്ട് പേർ മരിച്ചു. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ എട്ടായത്. ചാന്ദിപുര വൈറസാണ് ബാധിച്ചിരിക്കുന്നത്.
ഇതുവരെ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ട് പേർ മരണപ്പെട്ടുവെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേഡ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം ബാധിച്ച മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രാജസ്ഥാനിൽ നിന്നുള്ള രണ്ട് പേർക്കും മധ്യപ്രദേശിലെ ഒരാൾക്കുമാണ് ഗുജറാത്തിൽവെച്ച് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ മരണപ്പെട്ടു.
രോഗബാധയെ തുടർന്ന് കർശനമായ നിരീക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെയുള്ളവക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗത്തിൽ മരണനിരക്ക് കൂടുതലാണ്. ചികിത്സ വൈകിയാൽ പിന്നെ രോഗിയെ രക്ഷിക്കാനാവില്ലെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി പറഞ്ഞു.
രോഗത്തിന്റെ വ്യാപനം ഉണ്ടായാൽ തടയാൻ പ്രയാസമാണ്. രോഗം പടരുന്നത് തടയുകയാണ് ഏറ്റവും നല്ല പോംവഴി. 44,000ത്തോളം ആളുകളിൽ രോഗനിർണയ പരിശോധന നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ പത്തിനാണ് ഗുജറാത്തിൽ ആദ്യ ചാന്ദിപുര വൈറസ് രോഗബാധസ്ഥിരീകരിച്ചത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചാണ് രോഗം സ്ഥിരീകരിച്ചത്. പനി, ജലദോഷം, വയറിളക്കം, ഛർദി എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.