യോഗിക്ക് കടിഞ്ഞാണിടാൻ ബി.ജെ.പി; സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമ​ന്ത്രിയും തലസ്ഥാനത്ത്, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ലഖ്നോ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും യു.പി മുഖ്യമന്ത്രി ആദിത്യനാഥും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൂടി​ക്കാഴ്ച. യു.പിയിലെ 10 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, യു.പി മുഖ്യമന്ത്രിയെ മാറ്റുന്നത് യോഗത്തിൽ ചർച്ചയായിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും യോഗി മന്ത്രിസഭയിലും ബി.ജെ.പി സംസ്ഥാന ഘടകത്തിലും മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മാറ്റങ്ങളുണ്ടാവുക.

കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തിൽ പാർട്ടിയാണ് സർക്കാറിനേക്കാളും വലുതെന്ന് കേശവ് മൗര്യ പറഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ നിരവധി ബി.ജെ.പി നേതാക്കൾ തങ്ങളുടെ തോൽവിക്ക് കാരണം യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് കൂടിക്കാഴ്ചകൾ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വരുന്നത്. യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയിൽ ബി.ജെ.പി നിയന്ത്രണങ്ങൾ കൊണ്ടു വരാനുള്ള സാധ്യതകളിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കാൻ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തയാറായില്ല. എന്നാൽ, ഇക്കാര്യത്തിൽ വിമർശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പി അട്ടിമറി രാഷ്ട്രീയം ഇപ്പോൾ സ്വന്തം പാർട്ടിയിൽ തന്നെയാണ് പയറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

അധികാരത്തിനായുള്ള ബി.ജെ.പിക്കുള്ളിലെ പോരാട്ടത്തിൽ ഭരണം പിന്നിൽ നിൽക്കുകയാണ്. മറ്റ് പാർട്ടികൾക്കുള്ളിൽ പയറ്റിയ അട്ടിമറി രാഷ്ട്രീയമാണ് ഇപ്പോൾ ബി.ജെ.പി സ്വന്തം പാർട്ടിക്കുള്ളിൽ പയറ്റുന്നത്. അതുകൊണ്ടാണ് ബി.ജെ.പി അഭ്യന്തര സംഘർഷങ്ങളുടെ ചെളിക്കുണ്ടിലേക്ക് കൂപ്പുകുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UP Deputy Chief Minister meets JP Nadda amid buzz of rift with Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.