103ാം വയസിൽ കോവിഡിനെതിരായ പോരാട്ടം വിജയിച്ച്​ സ്വാതന്ത്ര്യ സമരസേനാനി

ബംഗളൂരു: 103ാം വയസിൽ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായ എച്ച്.എസ് ദൊരെസ്വാമി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. അഞ്ചു ദിവസം മുമ്പ് കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ദൊരെസ്വാമിയെ ബുധനാഴ്ചയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

ശ്വാസമുട്ടലിനെ തുടർന്നാണ് ദൊരെസ്വാമി ദിവസങ്ങൾക്ക് മുമ്പ് ബംഗളൂരുവിലെ ജയദേവ ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തിയത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ തന്നെ ചികിത്സ തുടർന്നു. ഹൃദ്രോഗ വിദഗ്ധനും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകനും ജയദേവ ആശുപത്രി ഡയറക്ടറമായ ഡോ. സി.എൻ. മഞ്ജുനാഥിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ് ദൊരെസ്വാമിക്കാവശ്യമായ ചികിത്സ നൽകിയത്.

ദൊരെസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

കോവിഡ് പോസിറ്റീവായെങ്കിലും കാര്യമായ ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായില്ലെന്നും നേരിയ ചുമയുണ്ടെന്നും വീട്ടിൽ നിരീക്ഷണം തുടർന്ന് മേയ് 17ന് വീണ്ടും പരിശോധനക്കായി ആശുപത്രിയിൽ പോകുമെന്നും ദൊരെസ്വാമി പറഞ്ഞു.

1918 ഏപ്രിൽ പത്തിന് ജനിച്ച ഹാരോഹള്ളി ശ്രീനിവാസയ്യ ദൊരെസ്വാമി ബംഗളൂരു സെൻട്രൽ കോളജിൽ നിന്നാണ് സയൻസിൽ ബിരുദം എടുക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിൽ പങ്കെടുത്ത ദൊരെസ്വാമി 1943 മുതൽ 1944 വരെ 14 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യാ രാജ്യത്തിന്‍റെ ഭാഗമാകാൻ മൈസൂരുവിലെ രാജ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുന്നതിനായി നടത്തിയ മൈസൂരു ചലോ മുന്നേറ്റത്തിലും ഗാന്ധിയനായ ദൊരെസ്വാമി പങ്കെടുത്തിട്ടുണ്ട്.

103 വയസായെങ്കിലും ഇപ്പോഴും സമര പരിപാടികളിൽ ദൊരെസ്വാമി സജീവമാണ്. 2020 ഫെബ്രുവരിയിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ നടന്ന സമരത്തിൽ തുടർച്ചയായ അഞ്ചുദിവസം ദൊരെസ്വാമി പങ്കെടുത്തിട്ടുണ്ട്.

Tags:    
News Summary - 103-Year-Old Freedom Fighter Wins A Second Battle, This Time Against Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.