ന്യൂഡൽഹി: പാർലമെന്‍റ് വളപ്പിൽ നടന്ന പ്രതിഷേധത്തിനിടെ നേതാക്കൾക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബി.ജെ.പി. ആക്രമണത്തിനും വധശ്രമത്തിനും രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ പറഞ്ഞു. എം.പിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
"ആക്രമണത്തിനും പ്രേരണക്കും ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 109, 115, 117, 125, 131, 351 വകുപ്പുകൾ പ്രകാരം പരാതി നൽകിയിട്ടുണ്ട്. സെക്ഷൻ 109 കൊലപാതക ശ്രമമാണ്" -അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. രാഹുൽ പിടിച്ചു തള്ളിയപ്പോൾ തനിക്ക് വീണ് പരിക്കേറ്റതായി ബി.ജെ.പി എം.പി ചന്ദ്ര സാരംഗി ആരോപിച്ചു. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലൻഡിൽ നിന്നുള്ള വനിതാ എം.പി ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. 84 വയസുള്ള മല്ലികാർജുൻ ഖാർഗെയെ പിടിച്ചുതള്ളിയതായി രണ്ട് ബി.ജെ.പി എം.പിമാർ പിടിച്ചു തള്ളിയതായി ആരോപിച്ച് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.
പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടം ബി.ജെ.പി എം.പിമാർ തന്നെ തടയുകയായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. പാർലമെന്റിൽ പ്രവേശിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. അത് ആർക്കും തടയാനാകില്ല.പിന്നീടവർ തന്നെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പിടിച്ചു തള്ളിയെന്നും അതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിന് എതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നാടകീയ രംഗങ്ങളെ തുടർന്ന് തുടർന്ന് പാർലമെന്റ് പിരിഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.