ഭോപാൽ: മധ്യപ്രേദശിലെ വിദിഷ ജില്ലയിൽ ബാലികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ബാലികയെ രക്ഷിക്കാൻ ശ്രമിക്കാൻ ഒരുമിച്ച് കൂടിയ ജനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ കിണറിന്‍റെ മുൻഭാഗം തകർന്ന് 30 പേർ കിണറ്റിൽ വീഴുകയായിരുന്നു.
ജില്ല ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഗഞ്ച് ബസോദയിൽ വ്യാഴാഴ്ചയാണ് സംഭവം. 50 അടിയോളം താഴ്ചയുള്ളതാണ് കിണർ. ഇതിന്‍റെ ജലനിരപ്പ് 20 അടിയോളം വരുമെന്ന് ഗ്രാമവാസികൾ പറയുന്നു.
ദുരന്തത്തിൽ അകപ്പെട്ട 19 പേരെ രക്ഷപ്പെടുത്തി. 11 പേരുടെ മൃതദേഹവും കണ്ടെടുത്തു. കിണറ്റിൽ അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങികിടക്കാൻ സാധ്യതയില്ലെന്ന് ഭരണകൂടം അറിയിച്ചു. എന്നാൽ കിണറിലെ അവശിഷ്ടങ്ങൾ മുഴുവൻ മാറ്റി വെള്ളം മുഴുവൻ വറ്റിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം നിർത്തിവെക്കുവെന്നും അവർ കൂട്ടിച്ചേർത്തു.
ദുരന്തവാർത്ത അറിഞ്ഞ് മന്ത്രിമാരായ വിശ്വാസ് സാരംഗ്, ഗോവിന്ദ് സിങ് രജ്പുത് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കുട്ടി കിണറ്റിൽ വീണത്. കുട്ടിയെ രക്ഷിക്കാനായി ചിലർ കിണറ്റിൽ ഇറങ്ങുകയും ചിലർ മുകളിൽ നിൽക്കുകയും ചെയ്തു. കിണറിന്‍റെ ചുറ്റുമതിൽ തകർന്ന് ചുറ്റുംകൂടി നിന്നവർ കിണറ്റിലേക്ക് വീഴുകയായിരുന്നു. രാത്രി 11 മണിക്ക് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ട്രാക്ടർ തെന്നിമാറിയതോടെ നാലുപൊലീസുകാർ കൂടി കിണറ്റിലേക്ക് വീണതായി സാക്ഷികൾ പറയുന്നു. മതിലിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് കൂടുതൽ മരണെമന്ന് ഭരണകൂടം അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിരുന്നു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തിൽ പെട്ടവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.