അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 11 പേർ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസൻസുള്ള കച്ചവടക്കാരൻ വിൽപ്പന നടത്തിയ മദ്യമാണ് ഇവർ സേവിച്ചത്. കര്‍സിയയിലെ കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചതായുള്ള വിവരം തങ്ങൾക്ക് വെള്ളിയാഴ്ച്ച രാവിലെ തന്നെ ലഭിച്ചിരുന്നതായി ഡി.ഐ.ജി ദീപക് കുമാര്‍ പറഞ്ഞു.
പോലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോള്‍ കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലും ആറ് പേര്‍ കൂടി സമാന രീതിയിൽ മരിച്ചതായി കണ്ടെത്തുകയായിരുന്നു. അലിഗഡ്-തപാൽ ഹൈവേയിലെ ഗ്യാസ് ഡിപ്പോയിൽ ജോലിക്കായി തടിച്ചുകൂടിയ ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡി.ഐ.ജി ദീപക് കുമാര്‍ വ്യക്തമാക്കി.
ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. ശര്‍മ്മ പറഞ്ഞു. എന്തായാലും സംഭവത്തിൽ സമയബന്ധിതമായി മജിസ്‌റ്റീരിയൻ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും, അതിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റാങ്ക് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.