ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തമ്മിൽ നിരന്തരം അധികാര വടംവലി നടക്കുന്ന ഡൽഹിയിൽ ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രിയുടെയും മുതിർന്ന മന്ത്രിമാരുടെയും ഇന്നലെ രാത്രി തുടങ്ങിയ കുത്തിയിരിപ്പു സമരം ഇന്നും തുടരുന്നു. ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിലുള്ള മന്ത്രിസംഘമാണ് ലഫ്. ഗവർണർ അനിൽ ബൈജാലിെൻറ വസതിയിലെ സ്വീകരണ മുറിയിൽ മണിക്കൂറുകൾ ഇരുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്.
നാലു മാസമായി ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചുകയറാൻ നിർദേശം നൽകുക, റേഷൻ കാർഡുടമകൾക്ക് റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ തീർപ്പുണ്ടാക്കാൻ വേണ്ടിയാണ് പ്രതിഷേധം.
വൈകീട്ട് ഗവർണറെ ചേംബറിൽ ചെന്നു കണ്ട ശേഷം മന്ത്രിസംഘം വെയ്റ്റിങ് റൂമിലേക്ക് മാറിയിരിക്കുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ച് ഒപ്പിടാതെ ഗവർണറുടെ വസതി വിട്ടു പോകില്ലെന്ന് കെജ്രിവാളും സംഘവും ശഠിച്ചു. സംസ്ഥാന സർക്കാറിെൻറ ജനകീയ പദ്ധതികൾക്ക് അനുമതി നൽകാൻ മോദി സർക്കാറിെൻറ സമ്മർദത്തിനു വഴങ്ങി ലഫ്. ഗവർണർ വിസമ്മതിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
െഎ.എ.എസ് ഉദ്യോഗസ്ഥർ നാലു മാസമായി നടത്തുന്നത് നിയമവിരുദ്ധ സമരമാണ്. സമരം ചെയ്യാൻ സിവിൽ സർവിസ് ഉദ്യോഗസ്ഥരെ നിയമം അനുവദിക്കുന്നില്ല. സമരത്തിന് കാരണമായി പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും അവർ മുന്നോട്ടുവെക്കുന്നില്ല. പണിയെടുക്കാതിരിക്കാൻ ഗവർണറുടെ ഒാഫിസിൽനിന്ന് സമ്മർദമുണ്ടെന്ന് അവർ പറഞ്ഞതായും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാൽ, കെജ്രിവാളും കൂട്ടരും ഭീഷണിെപ്പടുത്തുകയാണന്ന് ലഫ്. ഗവർണറുടെ ഒാഫീസ് കുറ്റപ്പെടുത്തി. െഎ.എ.എസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള പ്രതിഷേധ സമരവും നടത്തുന്നില്ല എന്നറിയിച്ച ഗവർണർ, ഡൽഹി ചീഫ് സെക്രട്ടറിയുെട ആക്രമണ ശേഷം ഭയത്തിെൻറയും അവിശ്വാസത്തിെൻറയും അന്തരീക്ഷമാണുള്ളതെന്നും പറഞ്ഞു.
എം.എൽ.എ അമാനുല്ല ഖാൻ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായ അൻഷു പ്രകാശിനെ ദേഹോപദ്രവം ഏൽപിച്ചുവെന്ന പരാതിയെ തുടർന്നാണ് പണിമുടക്ക് തുടങ്ങിയത്. ഒരു മാസം മുമ്പ് ഇത്തരമൊരു ധർണ മുഖ്യമന്ത്രി ഗവർണറുടെ വസതിയിൽ നടത്തിയിരുന്നു. ഡൽഹിയിലെ തെരുവോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയെ എതിർത്തപ്പോഴായിരുന്നു അന്ന് പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.