ഗുജറാത്ത് പാലം ദുരന്തം; കൊല്ലപ്പെട്ടവരിൽ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12പേർ

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് 141 പേർ​ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്നുകൊടുത്ത പാലമാണ് തകർന്നുവീണത്. നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറോളം ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. അതേസമയം, അപകടത്തിൽ ​കൊല്ലപ്പെട്ടവരിൽ 12 പേർ ബി.ജെ.പി എം.പിയുടെ കുടുംബത്തിൽനിന്നുള്ളവരാണ്.

രാജ്‌കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.പി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങൾക്കും ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോർബി പാലം തകർച്ചയിൽ ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. "അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ എന്റെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ സഹോദരിയുടെ കുടുംബത്തിൽ നിന്നുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു" -മോഹൻഭായ് കല്യാൺജി കുന്ദരിയ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.

ഗുജറാത്തിലെ മോർബി നഗരത്തിൽ തകർന്നുവീണ നൂറ്റാണ്ട് പഴക്കമുള്ള പാലം പുനരുദ്ധരിക്കുന്നതിന് മുമ്പ് അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി എൻ.ഡി ടി.വിയോട് വെളിപ്പെടുത്തി. പാലം തകർന്ന് 130ലധികം പേർ മരിച്ചു. എൺപത് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും 200 പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു.

ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് സർക്കാരിന്റെ ടെൻഡർ എടുത്താണ് പാലം നവീകരിച്ചത്. നവീകരണത്തിനായി ഏഴുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26ന് വീണ്ടും തുറന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ അധികൃതരിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു.

''ഇത് സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു'' -സാല പറഞ്ഞു. നവീകരണത്തിന് ശേഷം തുറന്നു​കൊടുത്ത പാലത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. 

Tags:    
News Summary - 12 members of Rajkot BJP MP's family killed in Morbi bridge collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.