ന്യൂഡൽഹി: അമിത്ഷാക്കെതിരായ പ്രതിഷേധം വഴിതിരിച്ചുവിടാൻ മനഃപൂർവം സൃഷ്ടിച്ച സംഘർഷത്തിനിടയിലും പിന്മാറാതെ ഇൻഡ്യ സഖ്യം. അമിത് ഷാക്കെതിരായ പ്രതിഷേധം തുടർന്നതോടെ ഇരു സഭകളുടെയും അധ്യക്ഷന്മാർ സഭകൾ പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭയിൽ ജന്മദിനാശംസകൾ നേർന്ന് സഭാരേഖകൾ മേശപ്പുറത്ത് വെച്ചശേഷം നാല് നോട്ടീസുകൾ ലഭിച്ചതായി രാജ്യസഭാ ചെയർമാൻ പറഞ്ഞു. ഇതിൽ രൺദീപ് സിങ് സുർജെവാല, ജോൺ ബ്രിട്ടാസ് എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ചർച്ച ചെയ്യാനും രാംവിലാസ് സുമൻ കർഷക പ്രക്ഷോഭത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ടുമാണ് നോട്ടീസ് നൽകിയതെന്നും എല്ലാം തള്ളിയെന്നും ചെയർമാൻ ജഗ്ദീപ് ധൻഖർ പറഞ്ഞു.
അപ്പോഴേക്കും ജയ്റാം രമേശ് ഇടപെട്ട് അമിത് ഷായുടെ വിഷയം ഉന്നയിച്ചു. ബാബാ സാഹെബ് അംബേദ്കർ ഒരു കാലത്തും പാർലമെന്റിൽ അനാദരിക്കപ്പെട്ടിട്ടില്ലെന്ന് പ്രമോദ് തിവാരി പറഞ്ഞതോടെ രാജ്യം അരാജകത്വത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്നുപറഞ്ഞ് ധൻഖർ സഭ നിർത്തിവെച്ചു. ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോൾ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡക്കും കിരൺ റിജിജുവിനും ഏകപക്ഷീയമായി അവസരം നൽകിയ ചെയർമാൻ ബി.ജെ.പി എം.പിമാരെ രാഹുൽ ആക്രമിച്ചെന്ന ആരോപണമുന്നയിക്കാൻ അവസരം നൽകി. ഇത് തെറ്റാണെന്നും ഏകപക്ഷീയമാണെന്നും തിരുച്ചി ശിവ പറഞ്ഞു. തന്നെ പാർലമെന്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഭരണകക്ഷി എം.പിമാർ കവാടത്തിൽ തടഞ്ഞത് ഖാർഗെയുമുന്നയിച്ചു. ജയ് ജയ്ഭീം വിളികൾക്കിടയിൽ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയുകയാണെന്ന് ധൻഖർ അറിയിച്ചു.
പ്രതിപക്ഷം അമിത് ഷായുടെ മാപ്പിലും രാജിയിലും ഉറച്ചുനിൽക്കുകയാണെന്നുകണ്ട ലോക്സഭാ സ്പീക്കർ ഓം ബിർള അന്തരിച്ച മുൻ തമിഴ്നാട് എം.പി ഇളങ്കോവന്റെ അനുസ്മരണം നടത്തി സഭ രാവിലെ 11 മണിക്ക് പിരിഞ്ഞു. പിന്നീട് ഉച്ചക്ക് രണ്ടിന് ചേർന്നയുടൻ നിർത്തിവെച്ചു.
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആർ. അംബേദ്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പാർലമെന്റിന് പുറത്തുണ്ടായ സംഘർഷത്തിൽ പരാതി നൽകി ബി.ജെ.പിയും കോൺഗ്രസും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് എം.പിമാരെ കൈയേറ്റം ചെയ്തെന്നും വനിത എം.പിയെ അപമാനിച്ചെന്നും ആരോപിച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബി.ജെ.പിയാണ് ആദ്യം പരാതി നൽകിയത്. വധശ്രമം, ഗുരുതരമായി പരിക്കേൽപിക്കൽ തുടങ്ങി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പരാതി.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തന്നോട് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹത്തിന്റെ സാമീപ്യം സ്ത്രീ എന്ന നിലയിൽ തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും ആരോപിച്ച് നാഗാലാന്റിൽനിന്നുള്ള ബി.ജെ.പി അംഗം ഫാങ്നോൺ കൊന്യാക് രാജ്യസഭ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവും ദലിത് നേതാവുമായ മല്ലികാർജുൻ ഖാർഗയെ ബി.ജെ.പി പാർലമെന്റ് അംഗങ്ങൾ തള്ളിയിടുകയും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചാണ് കോൺഗ്രസിന്റെ പരാതി. എം.പിമാരായ പ്രമോദ് തിവാരി, ദിഗ് വിജയ് സിങ്, മുകുൾ വാസ്നിക്, ജെബി മേത്തർ തുടങ്ങിയവരാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. ഇരുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ആക്രമിക്കപ്പെട്ടതിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇൻഡ്യ സഖ്യം എം.പിമാർ ഒപ്പിട്ട പരാതി ലോക്സഭ സ്പീക്കർക്കും നൽകി. ശസ്ത്രക്രിയക്ക് വിധേയനായ ഖാർഗെയുടെ കാൽമുട്ടുകൾക്ക് പരിക്കേറ്റുവെന്നും പരാതിയിലുണ്ട്.
ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കർക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങൾ സഭയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തിനെതിരെ അവകാശലംഘന നോട്ടീസ് നൽകി. അമിത് ഷാ നടത്തിയ പരാമർശങ്ങൾ അപമാനകരവും അപകീർത്തികരവുമാണ്. മന്ത്രിയുടെ വാക്കുകളും സ്വരവും ശൈലിയും ആക്ഷേപരൂപത്തിലാണ്. ഇത്തരം പെരുമാറ്റം സഭയെ അവഹേളിക്കുന്നതും അവകാശലംഘനവുമാണെന്നും രാജ്യസഭ ചെയർമാന് നൽകിയ നോട്ടീസിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രയനും അമിത് ഷാക്കെതിരെ കഴിഞ്ഞ ദിവസം അവകാശലംഘന നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.