കോവിഷീൽഡിന്‍റെ രണ്ടാം ഡോസ്​ 12 മുതൽ 16 ആഴ്ചവരെ ദീർഘിപ്പിക്കാമെന്ന്​ വിദഗ്​ധ സമിതി

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള ദീർഘിപ്പിക്കണമെന്ന്​ വിദഗ്​ധ സമിതി നിർദേശം. 12 മുതൽ 16 ആഴ്​ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ്​ വാക്​സിൻ നൽകണം. അതേസമയം കോവാക്​സിന്‍റെ ഇടവേളകളിൽ മാറ്റം വരുത്തിയിട്ടില്ല. അത്​ നാലു മുതൽ ആറ്​ ആഴ്ച ഇടവേളയായി തുടരും.

കോവിഷീൽഡ്​ വാക്​സിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള വർധിപ്പിക്കുന്നത്​ ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ്​ വിലയിരുത്തൽ. കോവിഡ്​ രോഗമുക്തർക്ക്​ ആറുമാസത്തിന്​ ശേഷം വാക്​സിൻ നൽകിയാൽ മതിയെന്നും നിർദേശത്തിൽ പറയുന്നു.

പ്ലാസ്​മ ചികിത്സക്ക്​ വിധേയരായവർ 12 ആഴ്ചക്ക്​ ശേഷം വാക്​സിൻ സ്വീകരിച്ചാൽ മതിയാകും. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവർക്ക്​ രോഗമുക്തി നേടി നാലു മുതൽ എട്ട്​ ആഴ്ചക്കുള്ളിൽ വാക്​സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക്​ ആവശ്യമെങ്കിൽ വാക്​സിൻ എടുക്കാം. വാക്​സിനെടുക്കുന്ന കാര്യം സ്വയം തീരുമാനിക്കാം. പ്രസവത്തിന്​ ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്​സിൻ സ്വീകരിക്കാമെന്ന്​ വിദഗ്​ധ സമിതി ശിപാർശ ചെയ്​തു.

മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ്​ കോവിഷീൽഡ്​ വാക്​സിൻ ​േഡാസുകളുടെ ഇടവേള നീട്ടുന്നത്​. മാർച്ചിൽ ഇടവേള 28 ദിവസം മുതൽ ആറ്​-എട്ട്​ ആഴ്ചയായി ദീർഘിപ്പിച്ചിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകൾ ആശ്വാസത്തിന് വകനൽകാതെ ഉയർന്ന നിരക്കിൽ തുടരുകയാണ്​. കഴിഞ്ഞദിവസം 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവിൽ 37,10,525 പേർ ചികിത്സയിൽ തുടരുന്നുണ്ട്.

Tags:    
News Summary - 12 to 16 Week Gap Between Covishield Doses Government Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.