മുംബൈ: കല്യാണമണ്ഡപത്തിൽ മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മോഹിത് അഹിരെ എന്ന 12കാരൻ. കളിയിൽ മുഴുകിയിരിക്കേ, തുറന്നുവെച്ച വാതിലിലൂടെ ഒരു അപ്രതീക്ഷിത അതിഥി കയറിവന്നു, ഒരു പുള്ളിപ്പുലി! ആദ്യം ഒന്നമ്പരന്ന കുട്ടി പിന്നാലെ, പയ്യെ പുറത്തിറങ്ങി വാതിലടച്ച് പുറത്തുനിന്ന് കുറ്റിയിട്ടു.
മുംബൈ നാസിക്കിലെ മാലേഗാവിലാണ് സംഭവം. ഹാളിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കല്യാണമണ്ഡപത്തിന്റെ ഓഫിസ് ക്യാബിനിനുള്ളിലായിരുന്നു മോഹിത് ഇരുന്നത്. ആദ്യം പുലിയെ കണ്ടപ്പോൾ ഭയന്നുപോയതായും പിന്നെ സാവധാനം പുറത്തിറങ്ങി വാതിൽ അടക്കുകയായിരുന്നുവെന്നും മോഹിത് പറഞ്ഞു.
#Nashik: Quick-Thinking 12-Year-Old Locks #Leopard In Room, CCTV Footage Goes Viral#Maharashtra pic.twitter.com/lFJDmNmcDS
— Free Press Journal (@fpjindia) March 6, 2024
പുലർച്ചെ സമീപത്തെ ജനവാസ മേഖലയിൽ പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നുവെന്ന് കല്യാണമണ്ഡപത്തിന്റെ ഉടമ പറഞ്ഞു.
പുള്ളിപ്പുലിയെ ഉള്ളിൽ പൂട്ടിയിട്ട വിവരം മോഹിത് തന്റെ പിതാവിനെ അറിയിച്ചു. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും മാലേഗാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ നാസിക് സിറ്റി ടീമുമായി ചേർന്ന് അഞ്ച് വയസ്സുള്ള ആൺപുലിയെ മയക്കുവെടി വെച്ച് പിടികൂടുകയും ചെയ്തു.
സമീപത്തെ കൃഷിയിടങ്ങളുടെ സാന്നിധ്യവും നദിയുടെ സാമീപ്യവും പ്രദേശത്ത് ഇടയ്ക്കിടെ പുലി ഇറങ്ങുന്നതിന് കാരണമാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ സമയോചിത ഇടപെടലിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തുവന്നത്. വന്യജീവികളെ പക്വതയോടെ എങ്ങിനെ നേരിടണമെന്നതിന്റെ ഉദാഹരണമായി മോഹിത് അഹിരെയുടെ ഇടപെടലിനെ പലരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.