വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാൻ ഡൽഹിയിലെ പ്രവേശന കവാടങ്ങൾ നിരീക്ഷിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ട്രക്ക് നിരോധനം ഉറപ്പുവരുത്താൻ ഡൽഹിയിലെ മുഴുവൻ പ്രവേശന കവാടങ്ങളും നിരീക്ഷിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉടനടി ടീമുകൾ രൂപീകരിക്കാനും നിർ​ദേശിച്ചു.

ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെക്ക് പോയന്‍റുകളിൽ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ 13 അഭിഭാഷകരെ കമീഷണർമാരായി നിയമിക്കുകയും ചെയ്തു.

കടുത്ത വായു മലിനീകരണം തടയാൻ നിർദേശങ്ങൾ ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുമ്പോഴും ദേശീയ തലസ്ഥാനത്തിന് മുകളിൽ പുകമഞ്ഞി​ന്‍റെ കനത്ത പാളിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനവും ഉൾപ്പെടെയുള്ള കർശന മലിനീകരണ നിയന്ത്രണങ്ങൾ തുടരും.

‘ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-4’ നടപടികൾ തുടരുന്നത് ചോദ്യം ചെയ്തുള്ള ഹരജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികളുടെ ഒരു കൂട്ടമാണ് ‘GRAP’. അതിന് കീഴിലുള്ള പ്രവർത്തനങ്ങളുടെ ഏറ്റവും കർശനമായ വിഭാഗമാണ് ‘ഘട്ടം-4’.

Tags:    
News Summary - Delhi air pollution: Supreme Court orders monitoring Delhi’s entry points to check truck ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.