ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗ ശ്രമം എതിർത്ത 13കാരിയായ ദലിത് പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി. വീട്ടുജോലിക്കാരിയായ പെൺകുട്ടിയെ വീട്ടുടമയുടെ മകനാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സെപ്റ്റംബർ 18നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ മേയിലാണ് പെൺകുട്ടി വീട്ടുവേലക്കാരിയായി ജോലിക്കെത്തിയത്. ഇവിടെ തന്നെയായിരുന്നു കുട്ടിയുടെ താമസവും. കുട്ടിക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റുവെന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയുടെ കുടുംബത്തെ വീട്ടുടമ അറിയിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമായിരുന്നു.
കഴിഞ്ഞ ദിവസമാണ് കുട്ടി നടന്ന സംഭവത്തെ കുറിച്ച് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. വീട്ടുടമയുടെ മകൻ അല്ലം മാരയ്യ എന്നയാൾ സെപ്റ്റംബർ 18ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു. എതിർത്തതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തി. സംഭവസമയത്ത് പ്രതിയുടെ ഗർഭിണിയായ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല.
പ്രതി തന്നെയാണ് കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഇയാൾ വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവെച്ചു. പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടത് പ്രകാരം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പടെ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.