ന്യൂഡൽഹി: കാർഷിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ ശ്രമങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി കർഷക സംഘടനകൾ ദേശീയതലത്തിൽ ഒന്നിക്കുന്നു. 130 കർഷക സംഘടനകളുടെ പ്രതിനിധികൾ വെള്ളിയാഴ്ച തലസ്ഥാനത്ത് യോഗം ചേർന്ന് ഭാവി സമരപരിപാടികൾക്ക് രൂപം നൽകി. മോദി സർക്കാറിനെതിരെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് ഒരുമിച്ച് അണിനിരക്കാൻ കഴിയാതിരിക്കെയാണ് സമൂഹത്തിെൻറ ഏറ്റവും അടിത്തട്ടിൽനിന്ന് പുതിയ പ്രതിരോധം ഉയരുന്നത്. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളാണ് നവമുന്നേറ്റത്തിെൻറ ഭാഗമാകുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സമരം ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റി (എ.െഎ.കെ.എസ്.സി.സി)ക്ക് സംഘടനകൾ രൂപം നൽകി. ഒപ്പം കർഷകരുടെ ദുരിതം വിശദീകരിക്കുന്ന കിസാൻ സംഘർഷ് യാത്രയും സംഘടിപ്പിക്കും. മധ്യപ്രദേശിലെ മൻദ്സൗറിൽനിന്ന് ജുലൈ ആറിന് യാത്ര ആരംഭിക്കും. ആറ് കർഷകർ പൊലീസ് വെടിയേറ്റ് മരിച്ച സംഭവത്തിന് ഒരു മാസം തികയുന്നത് അന്നാണ്. പ്രധാന സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ഒക്ടോബർ രണ്ടിന് ബിഹാറിലെ ചമ്പാരണിൽ സമാപിക്കും. മഹാത്മ ഗാന്ധിയുടെ ചമ്പാരൺ സത്യഗ്രഹത്തിെൻറ നൂറാം വാർഷികം കൂടിയാണ് 2017.
കൂടാതെ 130 സംഘടനകളുടെ ഒാരോ പ്രതിനിധികളെ ഉൾപ്പെടുത്തി ജനറൽബോഡിക്കും പത്തംഗ വർക്കിങ് ഗ്രൂപ്പിനും രൂപം നൽകിയതായി എ.െഎ.കെ.എസ്.സി.സിയുടെ ഭാഗമായ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് ഇതെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കർഷകരുടെ വായ്പ എഴുതിത്തള്ളുക, എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, വിളകളുടെ താങ്ങുവില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എ.െഎ.കെ.എസ്.സി.സി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് ഡൽഹിയിലെത്തി 41 ദിവസം സമരം ചെയ്ത് കർഷകപ്രശ്നം ദേശീയതലത്തിൽ എത്തിച്ച പി. അയ്യകണ്ണ്, ഉത്തർപ്രദേശിൽ കരിമ്പ് കർഷകരുടെ സമരത്തിന് നേതൃത്വം നൽകുന്ന ബി.എൻ. സിങ്, കർണാടക രാജ്യ റൈത സംഘ്, സ്വാഭിമാനി പക്ഷ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.