ഷിംല: ഷിംലയിലെ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 74 ആയി. ഷിംല സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിനടുത്തും ഫാഗ്ലിയിലും കൃഷ്ണനഗറിലുമുണ്ടായ ഉരുൾപൊട്ടലിലാണ് 21 പേർ മരിച്ചത്. ക്ഷേത്രാവശിഷ്ടങ്ങളിൽ ഏഴു പേർ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇതുവരെ 14 പേരുടെ മൃതദേഹമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതിൽ ഒരാളുടേതൊഴികെയുള്ള മൃതദേഹങ്ങൾ തിരിച്ചറിയുകയും ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ചംബ ജില്ലയിൽ രണ്ടുപേർ കൂടി മരിച്ചതായും അധികൃതർ അറിയിച്ചു.
ഞായറാഴ്ച ആരംഭിച്ച കനത്ത മഴ മൂന്ന് ദിവസം നീണ്ടതോടെയാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. വ്യാഴാഴ്ച ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു, പൂർവസ്ഥിതിയിലാക്കാൻ ഒരു വർഷമെടുക്കുമെന്നും 10,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായതായും അറിയിച്ചു. സൈനികരുടെയും മറ്റും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മഴ തുടങ്ങി 55 ദിവസത്തിനകം 113 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഉരുൾപൊട്ടലുണ്ടായത്. പി.ഡബ്ലു.ഡിക്ക് 2491 കോടിയുടെയും നാഷനൽ ഹൈവേ അതോറിറ്റിക്ക് 1000 കോടിയുടെയും നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.