ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്തുണ്ടായ 4.6 ലക്ഷം റോഡപകടങ്ങളിൽ മരിച്ചത് 1.46 ലക്ഷം പേർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ലോക്സഭയിൽ ഇൗ വിവരം അറിയിച്ചത്. ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരിൽ ഭൂരിപക്ഷവും ഹെൽമറ്റ് ധരിച്ചിരുന്നില്ല. 2016ൽ 4.8, 2015ൽ 5.01 ലക്ഷം വീതം റോഡപകടങ്ങളാണുണ്ടായത്. ഇതിൽ യഥാക്രമം ഒന്നര ലക്ഷം, 1.46 ലക്ഷം പേർക്ക് വീതം ജീവൻ നഷ്ടമായി. 2016ലെ കണക്കനുസരിച്ച് മരിച്ചവരിൽ 68.6 ശതമാനം പേരും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. റോഡപകടം കുറക്കാനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.
ടെലിവിഷനിൽ കൊഴുപ്പുകൂടിയ ആഹാരവസ്തുക്കളുടെ (ജങ്ക് ഫുഡ്) പരസ്യം നിരോധിക്കാനുള്ള നിർദേശങ്ങളൊന്നും നിലവിൽ ഇല്ലെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചു. എന്നാൽ, ഒമ്പത് വലിയ ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങൾ കൊഴുപ്പുകൂടിയ ആഹാരവസ്തുക്കളുടെ പരസ്യം കുട്ടികളുടെ ചാനലിൽ നൽകില്ലെന്ന് തീരുമാനിച്ചതായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായുള്ള ഭക്ഷ്യവസ്തുക്കൾ ഉയർത്തുന്ന പ്രശ്നം പരിശോധിക്കാൻ ‘ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി’ വിദഗ്ധസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇത്തരം സാധനങ്ങൾ നിരോധിക്കണമെന്ന അഭിപ്രായമുയർന്നപ്പോൾ ഭക്ഷ്യ ഉൽപന്ന രംഗത്തെ കമ്പനികൾ ഇവയുടെ പരസ്യം കുട്ടികളുടെ ചാനലിൽ നൽകുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അതോറിറ്റി നിർദേശിച്ചത്.
2014 മുതലുള്ള കണക്കനുസരിച്ച് രാജ്യത്തെ 54 സ്വകാര്യ ടി.വി ചാനലുകൾ പ്രക്ഷേപണം സംബന്ധിച്ച ചട്ടം ലംഘിച്ചതായി സർക്കാർ ലോക്സഭയെ അറിയിച്ചു. പരസ്യം, പരിപാടികൾ എന്നിവയിൽ ലംഘനമുണ്ടായിട്ടുണ്ട്. ചട്ടലംഘനമുണ്ടായ ഘട്ടങ്ങളിൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഒാൾ ഇന്ത്യ റേഡിയോയിലെ 1500 ഒാളം വരുന്ന കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള പദ്ധതിയില്ലെന്ന് പ്രസാർ ഭാരതിയെ അറിയിച്ചതായും മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
‘സോങ് ആൻഡ് ഡ്രാമ ഡിവിഷ’ന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്രൂപ്പുകളുടെയും ആർട്ടിസ്റ്റുകളുടെയും വേതനം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. ‘ഭാരത്നെറ്റ്’ പദ്ധതി പ്രകാരം ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി 1.10 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ലഭ്യമാക്കിയതായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് േതാമർ ലോക്സഭയെ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് എന്നതാണ് പദ്ധതി ലക്ഷ്യം. സ്കൂൾ, കോളജ് സിലബസിൽ നിന്ന് ഡാർവിെൻറ പരിണാമസിദ്ധാന്തം നീക്കാൻ നിർദേശമില്ലെന്ന് മാനുഷിക വിഭവശേഷി സഹമന്ത്രി സത്യപാൽ സിങ് ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ പറഞ്ഞു. കഴിഞ്ഞമാസം ഒൗറംഗബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും ഇത് സിലബസിൽ നിന്ന് നീക്കണമെന്നും സത്യപാൽ സിങ് പരാമർശിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.