മുംബൈ: ദീപാവലി ദിനത്തിൽ അമ്മക്കൊപ്പം അമ്പലത്തിലേക്ക് പോയ ഒന്നര വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിക അഖിലേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ ആരെ കോളനയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പുലർച്ചെ 5.45 ഓടെയാണ് അമ്മയും കുട്ടിയും അമ്പലത്തിലേക്ക് പോയത്. ക്ഷേത്രത്തിലെത്തുന്നതിന് മുമ്പ് വഴിയിൽ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. തുടർന്ന് അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയതോടെ പുലി ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടൻതന്നെ മാരോളിലെ സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു.
ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള ആരെ കോളനിയിൽ പുള്ളിപ്പുലികൾ ഇറങ്ങുന്നത് പതിവായിരുന്നു. കുട്ടിയുടെ അന്ത്യകർമങ്ങൾക്ക് ശേഷം പുലിയെ പിടികൂടാൻ കെണിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
സമാന രീതിയിൽ ഗർബ പരിപാടി കാണാൻ പിതാവിനൊപ്പം പോയ ഹിമാൻഷു യാദവ് എന്ന നാലു വയസുകാരനെ ഒക്‌ടോബർ നാലിന് പുള്ളിപ്പുലി ആക്രമിച്ചെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.