തഞ്ചാവൂർ: തമിഴ്നാട്ടിൽ ദലിത് യുവാവിനെ വിവാഹം കഴിച്ച മകളെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ചു. സംഭവത്തിൽ പിതാവുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.
തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല നടന്നത്. കല്ലാർ സമുദായംഗമായ 19കാരി ഐശ്വര്യയും നവീൻ എന്ന യുവാവും സ്കൂളിൽ പഠിക്കുന്ന കാലും മുതൽ പ്രണയത്തിലായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുളള നവീന്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മാണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബർ 31ന് ഇരുവരും സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരാകുകയും തിരുപ്പൂരിന് സമീപം വീരുപാണ്ടിയിൽ വാടക വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ മകളെ കാൺമാനില്ലെന്ന് ജനുവരി രണ്ടിന് 19കാരിയുടെ പിതാവ് പെരുമാൾ പല്ലടം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് പെൺകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് അച്ഛനൊപ്പം പറഞ്ഞയക്കുകയും ചെയ്തു. ഇതറിഞ്ഞ് നവീൻ പല്ലടം പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചെങ്കിലും ഐശ്വര്യ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
പിറ്റേന്ന് ജനുവരി മൂന്നിന് ഐശ്വര്യയെ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് സുഹൃത്തുകൾ വഴിയാണ് നവീൻ അറിഞ്ഞത്. 19കാരിയെ അച്ഛനും ബന്ധുക്കളും മർദിച്ച് കൊന്ന് മൃതദേഹം ചുട്ടെരിക്കുകയായിരുന്നു.
നവീൻ വട്ടത്തിക്കോട്ട പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. ഇതിനുശേഷമാണ് പൊലീസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.