കോയമ്പത്തൂർ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ടുകൾ ജനങ്ങളിൽ ആവേശം പകർന്നു. ഞായറാഴ്ച അവനിയാപുരത്തും തിങ്കളാഴ്ച പാലമേട്, സൂറിയൂർ എന്നിവിടങ്ങളിലുമായി 1,500ഒാളം കാളകളാണ് ചീറിപ്പാഞ്ഞത്. 150ഒാളം കാളപിടിയൻമാർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. അതിനിടെ, പാലമേടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ ഡിണ്ടുഗൽ കാളിമുത്തു (40) കാളയുടെ കുത്തേറ്റ് മരിച്ചു. രാവിലെ എേട്ടാടെ മഹാലിംഗ സ്വാമി ക്ഷേത്ര കമ്മിറ്റിയുടെ മഞ്ഞൾ മാലയണിഞ്ഞ് എത്തിയ കാളയെ വാടിവാസൽ വഴി തുറന്നുവിട്ടതോടെയാണ് ജെല്ലിക്കെട്ട് ആരംഭിച്ചത്.
മൊത്തം 1,188 യുവാക്കളാണ് കാളകളെ പിടിക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. ഒാരോ മണിക്കൂറിലും 100 വീരൻമാരെ വീതം കളത്തിലിറക്കി. നിശ്ചിതദൂരം കാളയുടെ മുതുകിൽ പിടിച്ചുതൂങ്ങി പോയാൽ വിജയിയായി പ്രഖ്യാപിക്കും. ആർക്കും പിടികൊടുക്കാതെ കടന്നുപോകുന്ന കാളകളുടെ ഉടമകൾ സമ്മാനാർഹരാവും. എൽ.ഇ.ഡി ടി.വി, ബൈക്ക്, മിക്സി, അലമാര, സ്വർണം-വെള്ളി നാണയങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിതരണം ചെയ്തത്. കാളകളുടെ കൊമ്പ്, വാൽ എന്നിവയിൽ പിടിച്ച പത്തിലധികം യുവാക്കളെ കളത്തിൽനിന്ന് അധികൃതർ പുറത്താക്കി.
പാലമേടിൽ ജെല്ലിക്കെട്ട് കാണാൻ വിദേശികളുൾപ്പെടെ വൻ ജനക്കൂട്ടമാണ് എത്തിയത്. ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ മെഗാ എൽ.ഇ.ഡി സ്ക്രീനുകളിൽ തത്സമയ ജെല്ലിക്കെട്ട് മത്സരം പ്രദർശിപ്പിച്ചിരുന്നു. ജെല്ലിക്കെട്ട് മൈതാനങ്ങളിലേക്ക് പ്രത്യേക ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗക്ഷേമ ബോർഡിൽനിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ജെല്ലിക്കെട്ട് വീക്ഷിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച അലങ്കാനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.