ന്യൂഡൽഹി: അദാനി, സംഭൽ, മണിപ്പൂർ വിഷയങ്ങളിൽ ചർച്ചക്കായുള്ള പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചതോടെ നിയമനിർമാണ നടപടികളൊന്നുമില്ലാതെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യവാരം കടന്നുപോയി.
അദാനി വിഷയമുന്നയിക്കുന്നതിൽനിന്ന് പല ഇൻഡ്യ കക്ഷികളും പിറകോട്ടു പോകുന്നതിനിടയിൽ സർക്കാറിനെയും പ്രതിപക്ഷത്തെയും ഒരുമിച്ചിരുത്തി സ്പീക്കർ ഓം ബിർള പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങി. രണ്ട് ദിവസം ‘ഭരണഘടനാ ദിന’ ചർച്ച നടത്തുകയാണെങ്കിൽ സഭാ സ്തംഭനം ഒഴിവാക്കാമെന്ന നിർദേശമാണ് പ്രതിപക്ഷം മുന്നിൽ വെച്ചത്. അതിന് തയാറാെണന്നും എന്നാൽ ആദ്യം ബാങ്കിങ് ബിൽ പാസാക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാർ വാദം. ആദ്യം ചർച്ച വേണമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സർക്കാറിനെ പ്രതിനിധാനംചെയ്ത് ലോക്സഭയിലെ സഭാ നേതാവ് ജയപ്രകാശ് നഡ്ഡയുമാണ് അനുരഞ്ജന ചർച്ചയിൽ പങ്കാളികളായത്. ചർച്ചയിൽ പുരോഗതിയുണ്ടെന്നും അടുത്ത തിങ്കളാഴ്ച മുതൽ സഭാ നടപടികൾ സാധാരണനിലയിലാകുമെന്നുമാണ് ഭരണ, പ്രതിപക്ഷ കേന്ദ്രങ്ങൾ പറയുന്നത്. കോൺഗ്രസിലും സഭ സ്തംഭിപ്പിക്കുന്നതിൽ ഭിന്നാഭിപ്രായമുണ്ട്.
രാവിലെ ലോക്സഭ ചേർന്നപ്പോൾ സംഭൽ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടിയും അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് ആദ്യം 12 മണിവരെയും പിന്നീട് തിങ്കളാഴ്ച 11 വരെയും സഭ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.