കോലാപൂർ: തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലിൽ സഹതടവുകാർ അടിച്ചുകൊന്നു. ഭൻവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാൻ (മുന്ന) ആണ് കോലാപ്പൂരിലെ കലംബ സെൻട്രൽ ജയിലിൽ കൊല്ലപ്പെട്ടത്.
ബബ്‌ലു ശങ്കർ ചാൻ, പ്രതീക്, ഋതുരാജ്, സൗരഭ് വികാസ് സിദ്ധ്, ദീപക് നേതാജി ഖോട്ട് എന്നിവരാണ് കൊലപാതകികൾ. ഇവർ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമായ മക്കോക്ക ആക്ട് പ്രകാരം ശിക്ഷ അനുഭവിക്കുന്നവരാണ്. ഞായറാഴ്ച പുലർച്ചെ മുന്ന കുളിക്കാൻ വന്നപ്പോൾ ജയിലിലെ കുളിമുറിക്കടുത്ത് വെച്ച് ഇവർ ഡ്രെയിനേജ് ചേമ്പറിന്റെ കോൺക്രീറ്റ്, മെറ്റൽ കവറുകൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജയിൽ ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയായ ടൈഗർ മേമനെ മുംബൈയിൽ നിന്ന് റായ്ഗഡിലേക്ക് അകമ്പടി സേവിച്ചുവെന്നാണ് മുന്നക്കെതിരായ കേസ്. നേരത്തെ 14 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ മുന്നക്ക് 2007ൽ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് 2013ലാണ് കലംബ ജയിലിലടച്ചത്.
പ്രതികളും മുന്നയും തമ്മിൽ ദീർഘകാലമായി ശത്രുതയുണ്ടെന്നും എന്നാൽ, ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ജയിൽ ഡി.ഐ.ജി സ്വാതി സാത്തേ പറഞ്ഞു. “കലംബ ജയിലിൽ ബോംബെ സ്‌ഫോടനക്കേസിലെ നാല് പ്രതികൾ ശിക്ഷ അനുഭവിക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തി മറ്റു തടവുകാരിൽ നിന്ന് അവരെ വേർതിരിക്കും. ആവശ്യമെങ്കിൽ മറ്റ് ജയിലുകളിലേക്ക് മാറ്റും’ -സാത്തേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.