ന്യൂഡൽഹി: രാജ്യത്തെ പള്ളിക്കുമേലുള്ള അവകാശവാദങ്ങൾ വീണ്ടും ഉയർത്തുന്നതിൽ മോഹൻ ഭാഗവത് വിമർശനമുന്നയിച്ചതിനു പിന്നാലെ അതിനെതിരെ മുഖ്യപ്രസംഗവുമായി ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. സോമനാഥ് മുതൽ സംഭൽ വരെയും അതിനുമപ്പുറവും ചരിത്രസത്യം അറിയുന്നതിനും ‘നാഗരിക നീതി’ തേടുന്നതിനുമുള്ള പോരാട്ടമാണെന്ന് ഓർഗനൈസറിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പറയുന്നു.
ശ്രീ ഹരിഹർ മന്ദിർ സർവേ ചെയ്യാനുള്ള അപേക്ഷയോടെ ആരംഭിച്ച തർക്കം വ്യക്തികൾക്കും സമുദായങ്ങൾക്കും നൽകിയിട്ടുള്ള വിവിധ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചക്ക് തുടക്കമിടുകയാണെന്നും അതിൽ പറയുന്നു.
‘കപട മതേതരത്വ പ്രിസ’ത്തിൽ നിന്നുള്ള ഹിന്ദു-മുസ്‍ലിം ചോദ്യത്തിലേക്ക് സംവാദം പരിമിതപ്പെടുത്തുന്നതിന് പകരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന, സത്യസന്ധമായ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിന് വിവേകപൂർണവും ഉൾക്കൊള്ളൽപരവുമായ സംവാദമാണ് നമുക്ക് വേണ്ടത്. ഇത് നമ്മുടെ ദേശീയ സ്വത്വം വീണ്ടും ഉറപ്പിക്കുന്നതിനും നാഗരിക നീതി തേടുന്നതിനുമുള്ളതാണ് -എഡിറ്റർ പ്രഫുല്ല കേത്കർ എഴുതിയ എഴുതിയ എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു.
നാഗരിക നീതിക്കായുള്ള ഈ അന്വേഷണത്തെ അഭിസംബോധന ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ മതപരമായ സ്വത്വങ്ങളുടെ അവസ്ഥ ജാതി പ്രശ്‌നത്തിൽ നിന്ന് വളരെ വ്യത്യസ്തമല്ലെന്നും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ മൂലകാരണത്തിലേക്ക് അംബേദ്കർ പോവുകയും അതിന് ഭരണഘടനാപരമായ പ്രതിവിധികൾ നൽകുകയും ചെയ്തുവെന്നും അതിൽ പരാമർശിച്ചു. മതപരമായ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും അവസാനിപ്പിക്കാൻ തങ്ങൾക്ക് ‘സമാനമായ’ സമീപനം ആവശ്യമാണെന്നും അതിൽ പറയുന്നു.
അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ പുതിയ തർക്കങ്ങൾ ഉയർത്തികൊണ്ടുവരേണ്ടതില്ലെന്നായിരുന്നു ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന. ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറയുകയുണ്ടായി. യു.പി സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് തുടങ്ങിയവക്കുമേലുള്ള പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പരാമർശങ്ങൾ.
മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്ന് ഭാരതീയർ പാഠം പഠിക്കുകയും ലോകത്തിന് മുന്നിൽ രാജ്യത്തെ മാതൃകയാക്കാൻ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാൽ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല - ‘വിശ്വ ഗുരു ഭാരത്’ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പുണെയിൽ സംസാരിക്കുന്നതിനിടെ മോഹൻ ഭാഗവത് പറഞ്ഞു.
ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ വിമർശിച്ച് ആത്മീയ നേതാവ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും രംഗത്തുവന്നിരുന്നു. മോഹൻ ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ലെന്നായിരുന്നു ശങ്കരാചാര്യർ പറഞ്ഞത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.