മൂന്ന് വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ, താനെയെ പിടിച്ചുലച്ച് പ്രതിഷേധം

മുംബൈ: മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക​ളെ ലൈംഗികാതിക്രമത്തിനിരയാക്കി സംഭവത്തിൽ താനെയിൽ വൻ പ്രതിഷേധം. സ്കൂളിലെ ടോയ്ലെറ്റിൽ വെച്ച് ശുചീകരണ തൊഴിലാളിയാണ് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസിന്റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷി​ൻഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിർദേശപ്രകാരം കേസിന്റെ അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആഗസ്റ്റ് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടികൾ ഭയന്ന് സ്കൂളിൽ പോകാൻ മടിച്ചപ്പോൾ രക്ഷിതാക്കൾ അവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചതോടെയാണ് ലൈംഗികാതിക്രമത്തിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.

കേസിലെ പ്രതിയായ അക്ഷയ് ഷിൻഡെയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്കൂളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ​ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടികളെ​ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിവരം പുറത്തറിഞ്ഞതോടെ ബദലാപൂർ മേഖലയിൽ കനത്ത പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാർ ബദലാപൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ തടഞ്ഞു. ആറ് മണിക്കൂറോളം പ്രതിഷേധക്കാർ ട്രെയിനുകൾ തടഞ്ഞു. സംഭവത്തിന് പിന്നാലെ സ്കൂൾ അടച്ചു. പ്രാദേശിക പാർട്ടി പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും​ ചെയ്തു.  

Tags:    
News Summary - 2 girls sexually assaulted in Thane school, big protests, Chief Minister steps in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.