മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരാൻ താൽപര്യമറിയിച്ച് ഉവൈസിയുടെ പാർട്ടി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുമായി (എം.വി.എ) സഖ്യത്തിലേർപ്പെടാൻ താൽപര്യമറിയിച്ച് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം). പാർട്ടി മുൻ എം.പി ഇംതിയാസ് ജലീലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഭരണത്തിലുള്ള ബി.ജെ.പി​, ശിവസേന ഷിൻഡെ വിഭാഗം, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എന്നിവയടങ്ങിയ മഹായുതി സഖ്യത്തെ തോൽപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം മറാത്തി ന്യൂസ് ചാനലായ എ.ബി.പി മജയുമായി സംസാരിക്കവെ പറഞ്ഞു.

എം.വി.എ ഘടകകക്ഷിയായ ഉദ്ദവ് താക്കറെ ശിവസേനയുമായി പാർട്ടിക്ക് പ്രശ്‌നമില്ലേ എന്ന ചോദ്യത്തിന്, ബി.ജെ.പി രാജ്യത്തെ നശിപ്പി​ച്ചെന്നും അതിനാൽ അവരെ അധികാരത്തിൽനിന്ന് എന്ത് വിലകൊടുത്തും അകറ്റുകയാണ് ലക്ഷ്യമെന്നുമായിരുന്നു മറുപടി.

‘ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും ഞങ്ങളിത് പറഞ്ഞിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നതിനാൽ കൈകോർക്കാൻ ഞങ്ങൾ വീണ്ടും എം.വി.എക്ക് ഓഫർ നൽകുന്നു. എന്നാൽ, ഞങ്ങളെ സഖ്യത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. ഞങ്ങളെ സഖ്യത്തിലെടുത്താൽ അവർക്കാണ് ഗുണകരമാകുക. സഖ്യത്തിലെടുത്തില്ലെങ്കിൽ തനിച്ച് മത്സരിക്കും’ -ജലീൽ പറഞ്ഞു.

അതേസമയം, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഗാഡിയു​മായി (വി.ബി.എ) സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വി.ബി.എ 35 സീറ്റിൽ മത്സരിച്ചിരുന്നെങ്കിലും ഒറ്റ സീറ്റിലും വിജയിക്കാനായിരുന്നില്ല. പ്രകാശ് അംബേദ്കർ 2.76 ലക്ഷം വോട്ടിനാണ് തോറ്റത്. 

Tags:    
News Summary - Owaisi's party has expressed interest in joining the opposition alliance in the Maharashtra elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.