അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ പടക്കക്കടയിൽ തീപിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ ഗാന്ധി നഗർ ലോക്കലിലെ ജിംഖാന ഗ്രൗണ്ടിലാണ് സംഭവം. വിജയവാഡ സ്വദേശി കാസി, പിഡുഗുരല്ല സ്വദേശി സാംബ എന്നിവരാണ് മരിച്ചത്.
വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടുന്നതിന്‍റെയും കടയിൽ വ്യാപകമായി തീപടർന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ രണ്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വിജയവാഡ പൊലീസ് കമീഷണർ കാന്തി റാണ പറഞ്ഞു. കടക്ക് സുരക്ഷ ലൈസൻസ് നൽകിയിട്ടുണ്ട്. നാടൻ നിർമിത പടക്കങ്ങളാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമീഷണർ കൂട്ടിച്ചേർത്തു.
തീപിടിത്തം ഉണ്ടായപ്പോൾ കാസിയും സാംബയും കടക്കകത്ത് ഉറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന 19 കടകളിൽ മൂന്നെണ്ണം മുഴുവനായി കത്തിനശിച്ചു. തീപിടുത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.