60 പേരുള്ള കാവൽ സംഘം, അകത്തു കടക്കാൻ ആധാർ കാർഡ്; സൽമാൻ ഖാന്റെ ‘ബിഗ് ബോസ്’ ഷൂട്ടിങ് വൻ സുരക്ഷ വലയത്തിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വധിക്കാൻ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‍ണോയിയുടെ നേതൃത്വത്തിലുള്ള സംഘം ക്വട്ടേഷൻ എടുത്തെന്ന പൊലീസ് കുറ്റപത്രത്തിനും അഞ്ച് കോടി ആവശ്യപ്പെട്ടുള്ള പുതിയ ഭീഷണി സന്ദേശത്തിനും പിന്നാലെ താരത്തിന് കനത്ത സുരക്ഷയൊരുക്കി. സൽമാൻ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളും ഏ​ർപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അടത്തു കടത്തുന്നത്. ഷൂട്ടിങ് കഴിയുന്നത് വരെ ലൊക്കേഷനിൽ തുടരണമെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിൽ വെച്ച് കൊലപ്പെടുത്താൻ ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘം 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ എടുത്തെന്നാണ് മുംബൈ പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. സംഘവുമായി ബന്ധപ്പെട്ട അഞ്ചംഗങ്ങളുടെ പേര് പറയുന്ന കുറ്റപത്രത്തിൽ, പാകിസ്താനിൽനിന്ന് അത്യാധുനിക ആയുധങ്ങളായ എ.കെ 47, എ.കെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത തോക്കായ സിഗാനയും വാങ്ങാനൊരുങ്ങുകയായിരുന്നു പ്രതികളെന്നും വെളിപ്പെടുത്തുന്നുണ്ട്. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയാണ് സംഘം വാടകക്കെടുത്തത്. ഇവരെല്ലാം പുണെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുകയാണ്. 60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് 2023 ആഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് അറസ്റ്റിലായ സുഖ എന്നയാള്‍ അജയ് കശ്യപ് അഥവാ എ.കെ എന്ന ഷൂട്ടറെയും മറ്റുനാലുപേരെയുമാണ് കൊലക്കായി നിയോഗിച്ചിരുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്നിവരുടെ നിര്‍ദേശത്തിനായി ഷൂട്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നടനെ വെടിവച്ച ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്കും തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്താൻ കഴിയാത്ത രാജ്യത്തേക്കും പോകാനും ഷൂട്ടർമാർ നടത്തിയ പദ്ധതിയും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സല്‍മാന്‍ ഖാന്റെ പന്‍വേല്‍ ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിനെ തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സ് ആപ് നമ്പറിലേക്ക് ഇന്ന് പുതിയ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സൽമാൻ ഖാൻ അഞ്ച് കോടി രൂപ നൽകണമെന്നായിരുന്നു സന്ദേശം. ഭീഷണി നിസ്സാരമായി കാണരുതെന്നും പണം നൽകിയില്ലെങ്കിൽ സൽമാന്റെ സ്ഥിതി ബാബ സിദ്ദീഖിയേക്കാൾ മോശമായിരിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - 60 security team, Aadhaar card to enter; Salman Khan's 'Bigg Boss' shooting is under heavy security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.