മന്ത്രി വി.കെ. സിങ്ങിന്‍െറ രാജിക്ക് പ്രതിപക്ഷ ബഹളം



ന്യൂഡല്‍ഹി: ഫരീദാബാദില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര സഹമന്ത്രി വി.കെ. സിങ്ങിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സിങ്ങിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആവശ്യപ്പെട്ടു. സിങ് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം.  ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുവദിച്ചില്ല. ചോദ്യോത്തരവുമായി സഭാനടപടി തുടര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളി തുടങ്ങി.  വി.കെ. സിങ്ങിന്‍േറത് ദലിതരോടുള്ള കടുത്ത വിവേചനമാണെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമുള്ള മുദ്രാവാക്യം ഉയര്‍ന്നു. പ്രധാനമന്ത്രി പ്രതികരിച്ചില്ല.  ബഹളം തുടര്‍ന്നതോടെ പ്രതിപക്ഷ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മോദി സഭയില്‍ നിന്ന് മടങ്ങി.  തൊട്ടുപിന്നാലെ കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ അംഗങ്ങള്‍ ഇറങ്ങിപ്പോയി.
എവിടെയെങ്കിലും പട്ടികളെ കല്ളെറിഞ്ഞാലും അതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയാകുമോ? പ്രധാനമന്ത്രി പ്രതികരിക്കണോ? എന്നിങ്ങനെയായിരുന്നു വി.കെ. സിങ്ങിന്‍െറ പ്രതികരണം.  ഫരീദാബാദില്‍ കൊല്ലപ്പെട്ട രണ്ടു ദലിത് കുട്ടികളെ കേന്ദ്രമന്ത്രി പട്ടികളോട് ഉപമിച്ചുവെന്ന് കുറ്റപ്പെടുത്തി ദലിത് സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നു. ഇതോടെ പ്രതിരോധത്തിലായ സിങ്ങും ബി.ജെ.പിയും വിശദീകരണവുമായി രംഗത്തുവന്നുവെങ്കിലും പ്രതിഷേധം പ്രതിപക്ഷം മയപ്പെടുത്തിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.