ചെന്നൈ: മായാത്ത പ്രളയ ചിത്രം....

ചെന്നൈ നഗരത്തിന്‍െറ കണ്ണായ സ്ഥലത്ത് ഈക്കാട്ടുതാങ്കളില്‍ ഒരു ഫ്ളാറ്റ് സ്വന്തമാക്കാനായതിന്‍െറ അഭിമാനത്തിലായിരുന്നു ഐ.ടി പ്രഫഷനലായ സുഹൃത്ത്  ഗൗതം. മൂന്നുമാസം മുമ്പാണ് അവന്‍െറ ഗൃഹപ്രവേശം ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. അതിന്‍െറ ലഹരിക്കിടെ, ചിലരിലെങ്കിലും അവനോടുള്ള അസൂയ നുരഞ്ഞുപൊങ്ങാതിരുന്നില്ല. ചെന്നൈ നഗരത്തില്‍ ഇത്രയും സൗകര്യമുള്ള പാര്‍പ്പിടം  സ്വന്തമാക്കുക എന്നത് ചില്ലറക്കാര്യമല്ലല്ളോ.
ചെന്നൈയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ ഇടക്കൊന്ന് ശമിച്ച് വീണ്ടും കനത്തുതുടങ്ങിയ ഒന്നാം തീയതി രാത്രി. ന്യൂസ്  റൂമില്‍ മഴക്കെടുതിയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ  ഗൗതമിന്‍െറ വിളിയത്തെി. ചെമ്പ്രമ്പാക്കം ജലസംഭരണി നിറഞ്ഞോ? കൂടുതല്‍ വെള്ളം  തുറന്നു വിടാറായോ  എന്നായിരുന്നു ചോദ്യം. നവംബര്‍ 30 മുതല്‍ പതിനായിരവും പതിനെട്ടായിരവും ഘനയടി വീതം വെള്ളം ആ  തടാകത്തില്‍നിന്ന് തുറന്നുവിട്ടുകൊണ്ടിരുന്നു. മഴ തകര്‍ത്തുപെയ്തതോടെ  കൂടുതല്‍ വെള്ളം ഒഴുക്കിവിടും എന്ന ഭയമായിരുന്നു ഗൗതമിന്. ഉടനെ പൂനമല്ലിയിലെ ഞങ്ങളുടെ ലേഖകനുമായി ബന്ധപ്പെട്ടു. വലിയ തോതില്‍ വെള്ളം രാത്രി തുറന്നുവിടാന്‍ സാധ്യതയില്ലാ എന്നാണ് മറുപടി കിട്ടിയത്. ഇക്കാര്യം  പറഞ്ഞ് സമാധാനിപ്പിച്ചാണ് ഫോണ്‍  വെച്ചത്.
 അര്‍ധരാത്രി രണ്ടുമണി ആയിക്കാണും. നിലവിളിച്ചുകൊണ്ട്  ഗൗതമിന്‍െറ ഫോണ്‍ വിളി. തൊട്ടടുത്തുള്ള ചെറുതടാകം കരകവിഞ്ഞൊഴുകിത്തുടങ്ങിയിരിക്കുന്നു. സൂനാമിത്തിരപോലെ ആര്‍ത്തലച്ച് വെള്ളമൊഴുകിയത്തെിയതിന്‍െറ ഭയപ്പാട്  മുഴുവന്‍ അവന്‍െറ  വാക്കുകളില്‍.. പുറത്ത്  നോക്കിയപ്പോള്‍  കോരിച്ചൊരിയുന്ന മഴ! ഓഫിസ് ഗേറ്റിനുപുറത്ത് കനത്ത  വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു. ഒന്നാംനിലയിലാണല്ളോ അവന്‍െറ  താമസം. അത്രയും  വെള്ളം പൊങ്ങില്ല  എന്നാശ്വസിപ്പിച്ചും നാളെ എത്താം എന്ന് ഉറപ്പുനല്‍കിയും  ഫോണ്‍  വെച്ചു. എന്നാല്‍, നേരം പുലര്‍ന്നപ്പോള്‍ ഞങ്ങളെ  കൂടുതല്‍  ആശങ്കയിലാഴ്ത്തിക്കൊണ്ട് നഗരത്തില്‍ മഴയുടെ രൗദ്ര താണ്ഡവമായിരുന്നു. നഗരപ്രദേശത്തെ ചെറു ജലസംഭരണികള്‍ തകര്‍ന്ന്  വെള്ളം പ്രധാന റോഡുകളിലേക്ക് ആര്‍ത്തലച്ചത്തെുന്നു. അതിനുള്ളില്‍ ചെമ്പ്രമ്പാക്കം  ജലസംഭരണിയില്‍ നിന്നും കൂടുതല്‍   വെള്ളം  തുറന്നുവിട്ടു. പിന്നീടത്  ഒരു ലക്ഷം ഖനയടി വരെയായി. കരകവിഞ്ഞൊഴുകുന്ന കൂവവും അടയാറും  നഗരത്തിലെ പ്രധാനഭാഗങ്ങളെ വിഴുങ്ങി.
 രാവിലെ  മഴ  ഒരല്‍പം  ശമിച്ച  ഇടവേളയില്‍ അധികം  വെള്ളക്കെട്ടില്ലാത്ത  റോഡുകള്‍  തിരഞ്ഞുപിടിച്ച്  സുഹൃത്തുക്കളായ ചന്ദ്രുവിനെയും വിജയിനെയും  കൂട്ടി കാറില്‍  ഈക്കാട്ടുതാങ്കളിലേക്ക്  കുതിച്ചു. ജവഹര്‍ലാല്‍ നെഹ്റു  ശാലൈയിലെ  വെള്ളക്കെട്ട് വകഞ്ഞുമാറ്റിക്കൊണ്ടുള്ള യാത്ര!  മെയിന്‍റോഡില്‍നിന്നും ഉള്ളിലേക്ക്   താഴ്ന്നവഴിയിലേക്ക്   തിരിഞ്ഞതേയുള്ളൂ. മുന്നില്‍ കലങ്ങിമറിഞ്ഞ  ഒരു ജലാശയം നിവര്‍ന്നുനിന്നു. ഒരിഞ്ചു മുന്നോട്ടുനീങ്ങാനാവാത്ത വിധം കാര്‍  നിശ്ചലമായി. കുറച്ചു  ദൂരെയായി കാണുന്ന  പാലത്തിന്‍െറ ചുവട്ടില്‍   ചേരിക്കുടിലുകള്‍  വെള്ളത്തില്‍ ആണ്ടുപോയിരിക്കുന്നു. വെള്ളത്തിന്‍െറ  നിരപ്പ്  കൂടിവരുന്നത്  കണ്ട്   മാധ്യമപ്രവര്‍ത്തകരുടെ  അഭ്യുദയകാംക്ഷികൂടിയായ   മത്സ്യത്തൊഴിലാളി  നേതാവ്  ആവിന്‍  ബാബുവിനെ  വിളിച്ചു. ബോട്ട്  സംഘടിപ്പിച്ചുതരാമോ എന്ന്  ചോദിച്ചു. ഒരുമണിക്കൂറിനുള്ളില്‍  മൂന്ന് ബോട്ടുകളും ആറു  മത്സ്യത്തൊഴിലാളി  സുഹൃത്തുക്കളും എത്തി. ആദ്യം  ഗൗതമിനെയും  കുടുംബത്തെയും പുറത്തുകൊണ്ടുവരണം. തുഴഞ്ഞുനീങ്ങുന്നതിനിടെ വീടുകളുടെ  കോമ്പൗണ്ടുകളിലും  റോഡരികുകളിലുമായി    മുങ്ങിക്കൊണ്ടിരിക്കുന്ന  കാറുകളും ഇരചക്രവാഹനങ്ങളും കണ്ടു. മണ്ണെണ്ണ വീപ്പകള്‍ കൂട്ടിക്കെട്ടി അതിന്‍െറ പുറത്ത് പലക കെട്ടിവെച്ച് ആളുകളെ  കയറ്റിക്കൊണ്ടുപോകുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. വലിയ റബ്ബര്‍ ട്യുബുകള്‍  നിരനിരയായി  കോര്‍ത്തുകെട്ടിയ വടം  വലിച്ചുകൊണ്ട് മറ്റൊരുസംഘം  സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തത്തെിക്കാനുള്ള തത്രപ്പാടിലാണ്. രണ്ടാമത്തെ ബോട്ടുകാരോട്   അടുത്തുള്ള വീടുകളില്‍ കുടുങ്ങിയവരെ  സഹായിക്കാന്‍  പറഞ്ഞ്  ഞങ്ങള്‍  ഗൗതമിന്‍്റെ  വീട്  ലക്ഷ്യമാക്കി  നീങ്ങി. വിജയ്യും ചന്ദ്രുവും അവരോടൊപ്പം കൂടി.
 നാലുനില കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് ഗൗതമിന്‍െറ വീട് . വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്ത കൂറ്റന്‍ മതില്‍ വഴിമറിച്ചുനില്‍ക്കുന്ന സ്ട്രീറ്റില്‍ വെള്ളം പത്തടിക്ക് മേല്‍ ഉയര്‍ന്നുകഴിഞ്ഞു. ഗ്രൗണ്ട് ഫ്ളോറിലെ താമസക്കാര്‍ ഒന്നാം നിലയില്‍ അഭയം പ്രാപിച്ചിരിക്കുന്നു. ചെമ്പ്രമ്പാക്കം ജലസംഭരണിയിലെ വെള്ളം ഏതുനിമിഷവും തുറന്നുവിടാമെന്ന  ഭയത്തില്‍  പലരും  മഴക്കെടുതി കുറഞ്ഞ നഗരത്തിലെ മറ്റിടങ്ങളിലുള്ള ബന്ധുഗൃഹങ്ങളില്‍ അഭയംതേടിയിരുന്നു. വീടിന്‍െറ മതിലിന്‍െറ മുകളിലൂടെ ബോട്ട്  ഫ്ളാറ്റിനടുത്തത്തെി. ഗൗതമിന്‍െറ പ്രായമായ അമ്മയെ താഴെ ഇറക്കാനായിരുന്നു ആദ്യശ്രമം. കൂടെവന്ന ജാഫര്‍ ഒന്നാം നിലയിലേക്ക് പിടിച്ചുകയറി. വരാന്തയുടെ മേല്‍ച്ചുമരിലുള്ള ഇരുമ്പ് ഹുക്കില്‍ കയര്‍ കോര്‍ത്തുകെട്ടിയശേഷം കസേരയോടെ  അവരെ  താഴേക്കിറക്കി. ഗ്രൗണ്ട് ഫ്ളോറിലെ  താമസക്കാരെയും ഗൗതമിനെയും കുടുംബത്തെയും കൊണ്ട് നെഹ്റു ശാലയിലേക്ക്. അതിനിടെ വെള്ളക്കെട്ടില്‍ നിന്നുപോയ ഒരു ലോറിയുടെ ഡ്രൈവറും  ക്ളീനറും  നീന്തിയത്തെി  ഞങ്ങളോടൊപ്പം കൂടി. രണ്ടു തവണ തിരിച്ചുവന്ന് മറ്റുള്ളവരുമായി  കരപറ്റിയപ്പോഴേക്കും  നേരം ഇരുട്ടിയിരുന്നു.
 ഗൗതമിനെയും കുടുംബത്തെയും മറ്റൊരു സുഹൃത്തിന്‍െറ വീട്ടിലാക്കി ശേഷിച്ചവരെ ബന്ധുഗൃഹങ്ങളിലുമാക്കി വീട്ടിലേക്കുമടങ്ങുമ്പോള്‍ രാത്രി പതിനൊന്നര കഴിഞ്ഞു. അടുത്ത ദിവസം ഉച്ചക്ക് പ്രളയക്കെടുതികളെക്കുറിച്ചുള്ള വാര്‍ത്ത എഡിറ്റ് ചെയ്ത് ഒന്ന്  നടുനിവര്‍ത്തിയതേയുള്ളൂ. മുഗപ്പെയറിലെ  ഒരു സ്വകാര്യ കോളജ്  വിദ്യാര്‍ഥി  അജേഷിന്‍െറ  വിളിവന്നു. അയാള്‍  താമസിക്കുന്ന വീടിന് ചുറ്റും  വെള്ളം കയറിയിരിക്കുകയാണ്. 14 പേര്‍ മൂന്നുനാലു മുറികളിലായി കുടുങ്ങിക്കിടപ്പാണ്. എങ്ങനെയെങ്കിലും സഹായിക്കണം. ഗൗതമിനെ  വിളിച്ച് അങ്ങോട്ടേക്ക് പോകാന്‍ പറഞ്ഞു. ആവിന്‍ ബാബുവിന്‍െറ ടീമും തയാര്‍. ജോലികഴിഞ്ഞ് ഞാനും അവരോടൊപ്പം കൂടി. പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം  വിച്ഛേദിക്കപ്പെട്ടിരുന്നു.
കുടിവെള്ളം കിട്ടാനില്ല. കോളജ് വിദ്യാര്‍ഥികളെയും  കൂട്ടി അണ്ണാ നഗറിലെ ഒരു സ്കൂളിലേക്ക് തിരിച്ചു. രണ്ടു ദിവസം അവരവിടത്തെ അന്തേവാസികളായി. അതിനിടെയാണ് പ്രകൃതിക്കുമുന്നില്‍ മനുഷ്യന്‍െറ  അഹന്ത സുല്ലിടുന്ന ഒരു  കാഴ്ച കാണുന്നത്. പരിചയക്കാരനും ധനാഢ്യനുമായ ഒരു വ്യവസായ പ്രമുഖനെയും അയാളുടെ ബംഗ്ളാവിന്‍െറ ഓരം ചേര്‍ന്ന് തുണികള്‍ തേച്ചുകൊടുക്കുന്ന കട നടത്തുന്ന തൊഴിലാളിയെയും ഒരുമിച്ചിരുത്തി ഒരു ചങ്ങാടം നീങ്ങുന്നു. കിടപ്പാടം ഇല്ലാതായവര്‍, സമ്പാദ്യങ്ങള്‍ മുഴുവന്‍ വെള്ളത്തിലായവര്‍, ബന്ധു ജനങ്ങളെ നഷ്ടപ്പെട്ടവര്‍, ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനാവാതെ വെള്ളത്തില്‍ ഒഴുക്കിവിട്ടവര്‍, പ്രളയം കൊണ്ടുപോയ ജീവിതത്തിന്‍െറ കൊടി അടയാളമായിത്തീര്‍ന്ന  ചേറും ചളിയും കെട്ടിക്കിടക്കുന്ന  വീടും പരിസരങ്ങളും മെരുക്കിയെടുക്കുന്നവര്‍ - അന്തമില്ലാത്ത ദുരന്തചിത്രങ്ങള്‍ക്കാണ് ചെന്നൈയും പ്രാന്തപ്രദേശങ്ങളും സാക്ഷ്യം വഹിച്ചത്.
ഇടത്തരക്കാരായ ആളുകള്‍ ദുരന്തത്തിനുമുന്നില്‍ ഇപ്പോഴും   മിഴിച്ചുനില്‍ക്കുമ്പോള്‍ ചേരിയിലെ ജീവിതം ഒരു പക്ഷേ നമ്മെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ കൂരകള്‍  ആണ്ടുപോയപ്പോള്‍ എവിടെയായിരിക്കും ഇവരൊക്കെ എന്ന് അന്ധാളിച്ചുനിന്നവരെ നോക്കി ജീവിതം അവസാനിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച് അവര്‍ തിരിച്ചത്തെുന്നു. സത്യ സ്റ്റുഡിയോയുടെ  പിന്‍വശത്തുള്ള  ചേരിജീവിതം ചേറും ചളിയും കഴുകിക്കളഞ്ഞ് വീണ്ടും സജീവമായിരിക്കുന്നു. ഒരു തരത്തില്‍  പറഞ്ഞാല്‍ ചെന്നൈ  നിവാസികളെ സംബന്ധിച്ച് ഈ ദുരന്തം മന$ശാസ്ത്രപരമായ ഒരു ഷോക്ക് ചികിത്സയാണ്. എല്ലാതരം വിഭജനങ്ങളെയും അപ്രസക്തമാക്കുന്ന പ്രകൃതിനീതിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍. ആയിരക്കണക്കിന് തടാകങ്ങള്‍ കൈയേറി റിയല്‍ എസ്റ്റേറ്റ്  മാഫിയകള്‍ പടുത്തുയര്‍ത്തിയ കോണ്‍ക്രീറ്റ് കാടുകളുടെ  സ്വച്ഛതയില്‍ എന്നെന്നും  കാലംകഴിക്കാമെന്ന അതിമോഹങ്ങള്‍ക്കുമേലുള്ള താക്കീത്!
ഇതൊക്കെയെങ്കിലും  മനസ്സില്‍നിന്നും കരുണ ഒഴിഞ്ഞുപോകാത്ത  നൂറുകണക്കിന് നിസ്വാര്‍ഥരായ മനുഷ്യരുടെ  പ്രാര്‍ഥനയും പ്രയത്നവും സമര്‍പ്പണവും  കൊണ്ട്  ചെന്നൈയെ തിരിച്ചുപിടിക്കുകയാണ്. അതിരുകള്‍ക്കകത്തുനിന്നും പുറത്തുനിന്നും നീളുന്ന  സഹായഹസ്തങ്ങള്‍, വൈകി എത്തിയെങ്കിലും ഫലപ്രദമായി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍, സൈനികരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്തത്തില്‍പ്പെട്ട സഹജീവികള്‍ക്കായി നിത്യവും എരിയുന്ന ആയിരക്കണക്കിന് അടുപ്പുകള്‍, അപര്യാപ്തമെങ്കിലും  പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രാഥമിക ഒൗഷധ വിതരണം- ചെന്നൈ  അതിന്‍െറ താളം വീണ്ടെടുക്കുകയാണ്, ദുരന്തമുഖത്തും മുതലെടുപ്പ് നടത്തുന്ന പാഷാണത്തിലെ കൃമികള്‍ കണക്കെ ചില അല്‍പബുദ്ധികളെ അങ്ങിങ്ങ് കാണാമെങ്കിലും!


(സണ്‍ ടി.വിയില്‍ മാധ്യമപ്രവര്‍ത്തകനായ ലേഖകന്‍ 15 വര്‍ഷമായി  ചെന്നൈയിലാണ്‌ താമസം. രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.