ഭൂപണയത്തില്‍ ഫാക്ടിന് 953 കോടി കേന്ദ്രവായ്പ

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ എഫ്.എ.സി.ടിയെ കരകയറ്റുന്നതിന് 952.80 കോടി രൂപ കേന്ദ്രം വായ്പ അനുവദിക്കും. ഫാക്ടിന്‍െറ പക്കലുള്ള അധികഭൂമി കേന്ദ്രസര്‍ക്കാറിന് പണയപ്പെടുത്തണമെന്നാണ് വായ്പക്കുള്ള പ്രധാന ഉപാധി.
പാര്‍ലമെന്‍റ് അംഗീകരിക്കേണ്ട ബജറ്റ് ഉപധനാഭ്യര്‍ഥനയില്‍ ഈ പദ്ധതി രാസവളം മന്ത്രാലയം ഉള്‍പ്പെടുത്തി. ലോക്സഭ പാസാക്കിയ ഉപധനാഭ്യര്‍ഥന രാജ്യസഭയുടെ പരിഗണനയിലാണ്. രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ പദ്ധതി നടപ്പാവും.
നേരത്തേ മുന്നോട്ടുവെച്ച ഫാക്ട് പാക്കേജില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സഹായം. ഫാക്ടിന് 860 കോടി രൂപ വാണിജ്യബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുകയും ദ്രവീകൃത പ്രകൃതിവാതക പദ്ധതിയിനത്തില്‍ ഒറ്റത്തവണ നഷ്ടപരിഹാരമായി 140 കോടി രൂപ കേന്ദ്രം നല്‍കുന്നതുമായിരുന്നു പദ്ധതി. പുതിയ വായ്പ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുനല്‍കുന്നതാണ്. ഫാക്ടിന്‍െറ പക്കല്‍ 2500ഓളം ഏക്കര്‍ ഭൂമിയുണ്ട്. ഇത് മറ്റാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ വിട്ടുകൊടുത്ത് കടക്കെണി പരിഹാര പാക്കേജ് ഉണ്ടാക്കാനുള്ള നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു. ഭൂമി വിട്ടുകൊടുക്കുന്നത് എതിര്‍പ്പുകള്‍ ഉയര്‍ത്താന്‍ ഇടയാക്കുമെന്നതിനാല്‍ ബദല്‍വഴി തേടുകയാണ് ഉണ്ടായത്. അതേസമയം, ഈടുനല്‍കുന്ന ഭൂമി കേന്ദ്രം എങ്ങനെയാണ് ഉപയോഗപ്പെടുത്തുകയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
ഉപധനാഭ്യര്‍ഥനയില്‍ ഫാക്ടിനുള്ള തുക ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിശദാംശങ്ങള്‍ തേടി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി രാസവളം മന്ത്രി അനന്ത്കുമാറിനെ കണ്ടിരുന്നു. അദ്ദേഹമാണ് പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. 965 കോടി രൂപയുടെ വായ്പയാണ് ഫാക്ട് ആവശ്യപ്പെടുന്നത്. ഇതില്‍ 13 കോടി രൂപ ഫാക്ടിന് നിക്ഷേപമായി ബാക്കിനില്‍പുണ്ട്.
അതുകഴിച്ച് 952 കോടിയാണ് നല്‍കുക. സര്‍ക്കാര്‍ ഈടുനില്‍ക്കുന്ന വായ്പയെന്നനിലക്ക് ഏഴരശതമാനമാണ് പലിശ. ഇത് അസാധാരണമാണ്. വാണിജ്യബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുമ്പോള്‍ പലിശനിരക്ക് 14 ശതമാനംവരെ ഉയരും. സര്‍ക്കാറിന് പക്ഷേ, ഭൂമി പണയപ്പെടുത്തേണ്ടി വരുന്നുവെന്നതാണ് ഇപ്പോഴത്തെ മാറ്റം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.