നാഷനല്‍ ഹെറാള്‍ഡ് കേസ്​: സോണിയയും രാഹുലും ജാമ്യാപേക്ഷ നൽകിയേക്കും

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പാട്യാല ഹൗസിലെ ജില്ലാ കോടതിയിൽ ഹാജരാവുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. കേസിൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉച്ചക്ക് മുതിർന്ന നേതാക്കളുടെ യോഗം ഗുലാം നബി ആസാദിെൻറ വസതിയിൽ ചേരുന്നുണ്ട്. കോടതിയിൽ ഹാജരാവുന്നതിന് മുമ്പായി രാഹുൽ ഗാന്ധി 10 ജനപഥിലെ സോണിയയുടെ വസതിയിലെത്തി. സോണിയക്കും രാഹുലിനുമൊപ്പം പ്രിയങ്ക ഗാന്ധിയും കോടതിയിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

മൂന്ന് മണിയോടെ ഇവർ കോടതിയിൽ ഹാജരാവും.കേസിെൻറ  രാഷ്ട്രീയപ്രാധാന്യം മുന്‍നിര്‍ത്തി കോടതി പരിസരത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


നാഷനല്‍ ഹെറാള്‍ഡിന്‍െറ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജിയാണ് വിചാരണക്കോടതിയുടെ പരിഗണനയിലുള്ളത്. ഹരജിയുടെ അടിസ്ഥാനത്തില്‍ സോണിയക്കും രാഹുലിനുമെതിരെ കോടതി അയച്ച സമന്‍സ് പ്രകാരമുള്ള നടപടികളാണ് ശനിയാഴ്ച നടക്കുന്നത്. സമന്‍സ് ചോദ്യംചെയ്ത് ഇരുവരും നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയില്‍ ഹാജരാകുന്നത്.

കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം തേടേണ്ടിവരുന്ന സാഹചര്യം ഉണ്ടാവില്ളെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ജാമ്യാപേക്ഷ നല്‍കുന്നതടക്കം എല്ലാ നിയമനടപടികള്‍ക്കുമുള്ള തയാറെടുപ്പിലാണ് പാര്‍ട്ടിയുടെ പ്രമുഖ അഭിഭാഷകര്‍. നെഹ്റു കുടുംബാംഗങ്ങള്‍ സമന്‍സ് പ്രകാരം കോടതിയില്‍ ഹാജരാകുന്നത് അസാധാരണ സാഹചര്യമാണ്.

സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുന്നത് മുന്‍നിര്‍ത്തി പാര്‍ട്ടി എം.പിമാര്‍ ഡല്‍ഹിയില്‍തന്നെ തങ്ങുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി പ്രസിഡന്‍റുമാരും നിയമസഭാകക്ഷി നേതാക്കളും തലസ്ഥാനത്തേക്ക് എത്തുന്നുണ്ട്. പ്രകടനം ഉദ്ദേശിച്ചിട്ടില്ളെന്നും ആരും ഡല്‍ഹിക്ക് വരേണ്ടതില്ളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍ തന്നെയാണിത്. സോണിയക്കൊപ്പം കേസില്‍ എതിര്‍കക്ഷികളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവരും കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. ഇതില്‍ സാം പിത്രോഡ വിദേശത്തായതിനാല്‍ കോടതിയില്‍ അവധി ചോദിച്ചേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.