ആശാറാം ബാപു ബലാല്‍സംഗക്കേസിലെ സാക്ഷിയെ ഒരു മാസമായി കാണാനില്ല

അഹ്മദാബാദ്: വിവാദ ആള്‍ദൈവം ആശാറാം ബാപുവും മകനും ഉള്‍പ്പെട്ട ബലാല്‍സംഗക്കേസിലെ പ്രധാന സാക്ഷിയെ ഒരു മാസമായി കാണാനില്ളെന്ന് പരാതി. കഴിഞ്ഞ നവംബര്‍ 26നാണ് രാഹുല്‍ സചനെന്നയാളെ  ലക്നോവില്‍ നിന്നും കണാതായത്.  എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ചയാണ് രഹുലിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ട് കോണ്‍സ്റ്റബ്ള്‍മാര്‍ ഇതു സംബന്ധിച്ച് താക്കുര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആശാറാമിനെതിരെ ജോദ്പൂരിലും അഹ്മദാബാദിലും ഇയാളുടെ മകനെതിരെ സൂറത്തിലും ഫയല്‍ ചെയ്ത കേസുകളിലെ ദൃക്സാക്ഷിയാണ് രാഹുല്‍ സചന്‍.

മെയ് മുതലാണ് സചന് പൊലീസ് സുരക്ഷ ഏര്‍പാടാക്കിയത്. മൊഴി നല്‍കാന്‍ കൊണ്ടു പോവുന്നതിനിടെ ജോദ്പൂര്‍ കോടതിയുടെ മുന്നില്‍വെച്ച് ആശാറാമിന്‍റെ അനുയായി സചനെ കത്തിയുമായി ആക്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ആക്രമണത്തില്‍ സചന് മുറിവേറ്റിരുന്നു. അക്രമിയെ അവിടെ വെച്ചു തന്നെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ താക്കുര്‍ഗഞ്ചില്‍ വാടകവീട്ടില്‍ കഴിഞ്ഞുവരിയായിരുന്നു സചന്‍ എന്ന് പ്രദേശവാസി പറഞ്ഞു. എന്നാല്‍, നവംബര്‍ 25ന് വീട് പൂട്ടി പുറത്തു പോയതിനുശേഷം സചന്‍  തിരിച്ചുവന്നില്ളെന്നാണ് ഇയാള്‍ പറയുന്നത്.  ഒരു മാസത്തോളമായി സചന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് ഇയാളുടെ സുരക്ഷക്കായി നിയോഗിച്ച കാണ്‍സ്റ്റബിള്‍ വിജയ് ബഹാദൂര്‍ പറയുന്നത് . തന്നെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചതു മുതല്‍ അവിടെ ചെല്ലുമ്പോള്‍ സദാ സമയവും വീട് പൂട്ടിയിരിക്കുന്ന നിലയില്‍ ആയിരുന്നെന്നും ബഹാദൂര്‍ പറഞ്ഞു.

അഹ്മദാബാദ് കേസില്‍ ആശാറാമിനെതിരെ മൊഴി നല്‍കിയ മറ്റൊരാള്‍ മുസഫര്‍നഗറില്‍ വെടിയേറ്റു മരിച്ചിരുന്നു.  ഈ കൊലയില്‍ കഴിഞ്ഞ ജൂലൈയില്‍ യു.പി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും കേസ് ഏറ്റെടുക്കാന്‍ ഏജന്‍സി ഇതുവരെ തയ്യാറായിട്ടില്ല. ജോദ്പൂര്‍ കേസിലെ മറ്റൊരു സാക്ഷിയായ കൃപാല്‍ സിങ് ജൂണ്‍ പത്തിന് ഷാജഹാന്‍പൂരില്‍ വെടിയേറ്റു മരിച്ചു. ഈ സംഭവത്തില്‍ ആശാറാമിന്‍റെ അനുയായിയായ നാരാണയണ്‍ പാണ്ഡെയെ പൊലീസ് അറ്സറ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.