ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി; ക്ഷേത്ര- മസ്ജിദ് തർക്ക കേസിലെ ഹരജികളുടെ ഏകീകരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിൽ 15 ഹരജികൾ ഏകീകരിക്കാനുള്ള അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെയുള്ള ഹരജി മാറ്റിവെച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച്, വ്യവഹാരങ്ങൾ ഏകീകരിക്കുന്നത് ഇരു കക്ഷികൾക്കും ഗുണം ചെയ്യുമെന്ന് നിരീക്ഷിച്ചാണ്  ഹരജി മാറ്റിവെച്ചത്. ആരാധനാലയങ്ങൾ സംബന്ധിച്ച 1991ലെ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും ഇപ്പോൾ കേസുകൾ ഏകീകരിക്കുന്ന കാര്യത്തിൽ എന്തിനാണ് ഇടപെടേണ്ടതെന്നും ബെഞ്ച് ചോദിച്ചു.


കഴിഞ്ഞ വർഷം ജനുവരി 11ന് ഒരു ഹിന്ദുത്വവാദിയുടെ ഹരജിയിൽ അലഹബാദ് ഹൈകോടതി ഈ കേസുകൾ ‘നീതിയുടെ താൽപര്യം കണക്കിലെടുത്ത്’ ഏകീകരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി ഏകീകരണത്തെ എതിർത്തു. വ്യവഹാരങ്ങൾ സ്വഭാവത്തിൽ വ്യത്യസ്തമാണെന്നും ഭാവിയിൽ സങ്കീർണതകൾ ഒഴിവാക്കാൻ സ്വതന്ത്രമായി പരിഗണിക്കണമെന്നും പള്ളിക്കമ്മിറ്റിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ വാദിച്ചു.


‘സങ്കീർണതകളൊന്നുമില്ല... ഒന്നിലധികം നടപടിക്രമങ്ങൾ ഒഴിവാക്കപ്പെടുന്നതിനാൽ ഇത് നിങ്ങളുടെയും അവരുടെയും പ്രയോജനത്തിനു വേണ്ടിയാണ്. വ്യവഹാരങ്ങളുടെ ഏകീകരണത്തിന്റെ വിഷയത്തിൽ നമ്മൾ എന്തിന് ഇടപെടണം? എന്തായാലും, ഞങ്ങൾ പ്രശ്നം കേൾക്കുന്നു’ -അഭിഭാഷകനോട് വിയോജിച്ചുകൊണ്ട് ബെഞ്ച് അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ നിങ്ങൾക്ക് പിന്നീട് ഹരജി ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


ഏകീകരണത്തിന് പ്രഥമദൃഷ്ട്യാ അനുമതി നിലനിർത്തിക്കൊണ്ടാണ് കോടതി വിഷയം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ആഴ്ചയിലേക്ക് മാറ്റിയത്. മസ്ജിദുകളും ദർഗകളും ഉൾപ്പെടെയുള്ള മതപരമായ സ്ഥലങ്ങൾ വീണ്ടെടുക്കാൻ ആവശ്യപ്പെടുന്ന കേസുകളിൽ പുതിയ വ്യവഹാരങ്ങൾ നടത്തുന്നതിനോ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനോ രാജ്യത്തുടനീളമുള്ള കോടതികളെ വിലക്കുന്ന 2022 ഡിസംബറിലെ ഉത്തരവും കോടതി ആവർത്തിച്ചു.

Tags:    
News Summary - Supreme Court upholds consolidation of pleas in Krishna Janmabhoomi-Shahi Idgah Masjid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.