പട്ന: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. മൂന്ന് മണിവരെ 52.42% പോളിങ് രേഖപ്പെടുത്തി. രാവിലെ പോളിങ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 55 മണ്ഡലങ്ങളിലെ 1.46 കോടിയിലധികം വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. മുസഫർപുർ, ഈസ്റ്റ് ചമ്പാരൻ, സീതാമർഹി, ഷോഹർ, ഗോപാൽഗഞ്ച്, സിവാൻ തുടങ്ങിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മേഖലയിലെ 50 സീറ്റുകളിലും ബി.ജെ.പിയും അന്നത്തെ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന ജനതാദൾ–യുവുമാണ് ജയിച്ചത്. എന്നാൽ, ജെ.ഡി–യു എതിർപക്ഷത്ത് നിൽക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന സീറ്റുകൾ ബിഹാറിലെ ബി.ജെ.പിയുടെ വിധി നിർണയിക്കുമെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി 42 സീറ്റിലും എൽ.ജെ.പി അഞ്ച് സീറ്റിലുമാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ ആർ.ജെ.ഡി 26 സീറ്റിലും ജെ.ഡി–യു 21 സീറ്റിലും കോൺഗ്രസ് എട്ടിടത്തും ജനവിധി തേടുന്നു.
തെരഞ്ഞെടുപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നക്സൽബാധിത മേഖലകളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. നാലാംഘട്ടം കഴിയുന്നതോടെ 186 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകും. ബാക്കിയുള്ള 57 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് നടക്കും. നവംബർ എട്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.