നരേന്ദ്ര മോദി സർക്കാറിന് പ്രമുഖരുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഹിന്ദുത്വശക്തികളുടെ അഴിഞ്ഞാട്ടം അമർച്ചചെയ്യാൻ മടിക്കുന്ന നരേന്ദ്ര മോദി സർക്കാറിന് പ്രമുഖരുടെ മുന്നറിയിപ്പ്. രാഷ്ട്രപതി പ്രണബ് മുഖർജി, റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി തുടങ്ങിയവരാണ് അസഹിഷ്ണുത നിയന്ത്രിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് ഓർമപ്പെടുത്തിയത്. ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടെന്നും അവരുടെ വിശ്വാസം തിരിച്ചുകൊണ്ടുവരണമെന്നും നാരായണ മൂർത്തി പറഞ്ഞു. താനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷേ, ന്യൂനപക്ഷങ്ങൾക്ക്  ആശങ്കയുണ്ട്. മഹാരാഷ്ട്രയിൽ ദക്ഷിണേന്ത്യക്കാർക്കെതിരെ ശിവസേന നീങ്ങിയ 1960കളിലെപ്പോലെ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമുണ്ട് ആശങ്ക. തനിക്ക് ഇ–മെയിലിലും അല്ലാതെയും ഇത്തരത്തിൽ ധാരാളം കത്തുകൾ കിട്ടുന്നുണ്ട്.

ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിന് കേന്ദ്ര–സംസ്ഥാന സർക്കാറുകൾ ഒരുപോലെ ശ്രമിക്കണം. ഈർജസ്വലത തിരിച്ചുകൊണ്ടുവരണം. ഇത് എെൻറ രാജ്യമാണ്, എനിക്ക് ഇവിടെ എല്ലാ അവകാശങ്ങളുമുണ്ട്, ഞാൻ സുരക്ഷിതനാണ്, അതുകൊണ്ട് ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി ഞാൻ പ്രവർത്തിക്കും എന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. അവിശ്വാസവും ഭയവും ഭൂരിപക്ഷ സമുദായം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുവെന്ന ബോധവും ഇല്ലാതിരുന്നാലേ സ്ഥിരമായ സാമ്പത്തിക പുരോഗതി നേടാൻ സാധിക്കൂവെന്ന് ടി.വി ചാനൽ അഭിമുഖത്തിൽ നാരായണ മൂർത്തി പറഞ്ഞു.

ബഹുസ്വരതയും ഭരണഘടനാമൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യം പലവട്ടം ഓർമപ്പെടുത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി, ഡൽഹി ഹൈകോടതിയുടെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിലാണ് സഹിഷ്ണുതയാണ് ഇന്ത്യയുടെ ശക്തിയെന്ന് ഓർമിപ്പിച്ചത്. കാലത്തെ അതിജയിച്ചതാണ് നമ്മുടെ നാനാത്വം. ബഹുസ്വരതയാണ് നമ്മുടെ കരുത്ത്. അതു സംരക്ഷിക്കപ്പെടണമെന്ന് ഭരണഘടന പലവിധത്തിൽ ഓർമപ്പെടുത്തുന്നുവെന്ന് മുഖർജി ചൂണ്ടിക്കാട്ടി.

ചർച്ചയുടെയും തുറന്ന അഭിപ്രായത്തിെൻറയും പാരമ്പര്യം സാമ്പത്തിക പുരോഗതിയിൽ നിർണായകമാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. സഹിഷ്ണുതയും പരസ്പരാദരവും ആശയ രൂപവത്കരണത്തിൽ പ്രധാനമാണ്. ചർച്ച സ്വതന്ത്രമായി നടക്കുമ്പോഴാണ് ആശയങ്ങൾ സ്വതന്ത്രമായി വിഹരിക്കുക. ശാരീരികമായ മുറിപ്പെടുത്തലും ഏതെങ്കിലും വിഭാഗത്തെ വാക്കാൽ അപമാനിക്കുന്നതും ആശയ രൂപവത്കരണത്തിൽ പങ്കാളിത്തം കുറക്കും. ഡൽഹി ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സാമ്പത്തിക രംഗത്തെ മറ്റു പ്രശ്നങ്ങളിൽനിന്നെല്ലാം വിട്ട് രഘുറാം രാജൻ ഇക്കാര്യം ഓർമിപ്പിച്ചത്. ബി.ജെ.പിക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാറിെൻറ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് സമ്പദ്വ്യവസ്ഥ അവലോകനം ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമായ മൂഡി അനലറ്റിക്സ് പറഞ്ഞതിനു പിന്നാലെയാണ് രഘുറാം രാജെൻറ ഓർമപ്പെടുത്തൽ. വംശീയസംഘർഷം സമ്പദ്രംഗത്ത് അനുകൂല സാഹചര്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അധികാരത്തിെൻറ പേരിൽ ഒരു പ്രത്യേക കാഴ്ചപ്പാട് അടിച്ചേൽപിക്കരുത്. എല്ലാ ആശയങ്ങളും വിമർശനാത്മകമായി പരിശോധിക്കപ്പെടണം. നിരോധം ചർച്ചകൾ ഇല്ലാതാക്കും. ചോദ്യം ചെയ്യാനുള്ള അവകാശം സംരക്ഷിക്കുകയും മറ്റുള്ളവർക്ക് ദോഷം ചെയ്യാത്ത വിധം വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയും വേണമെന്ന് രഘുറാം രാജൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.