തമിഴ്നാട്ടില്‍ മഴ തുടരുന്നു; മരണം 48 കവിഞ്ഞു


ചെന്നൈ:  ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ തമിഴ്നാട്ടിലെ തീരപ്രദേശ ജില്ലകള്‍ ദുരിതത്തില്‍. കാറ്റ് ദുരിതത്തിന്‍െറ തീവ്രത കൂട്ടി. മഴക്കെടുതിയില്‍ മരണം 48 കവിഞ്ഞു. കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ കോടികളുടെ നാശമുണ്ട്. കടലൂര്‍ ജില്ലയില്‍ മാത്രം ഒരുലക്ഷം പേരെ മഴക്കെടുതി ബാധിച്ചു. വീടും കൃഷിയും വ്യാപകമായി നശിച്ചു. കടലൂരില്‍ വീരാനം തടാകം തുറന്നതോടെ മിക്കവാറും പ്രദേശങ്ങള്‍ വെള്ളത്തിലാണ്. വൈദ്യുതി-കുടിവെള്ള വിതരണം നിലച്ചു. 30,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  ദുരിതാശ്വാസ ക്യാമ്പുകള്‍  തുറന്നിട്ടുണ്ട്. ധനമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്‍െറ നേതൃത്വത്തില്‍ മന്ത്രിസംഘം കടലൂര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ സേവനം അഭ്യര്‍ഥിച്ചിട്ടുണ്ട്. മരിച്ച 19 പേര്‍ക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് നാലുലക്ഷം രൂപ മുഖ്യമന്ത്രി  പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന അണക്കെട്ടുകളില്‍ കഴിഞ്ഞമാസം അവസാനത്തോടെ ജലനിരപ്പ് സംഭരണശേഷിക്ക് അടുത്തത്തെിയിരുന്നു. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 പ്രധാന ഡാമുകളും നിരവധി ചെറുകിട ഡാമുകളുമുണ്ട്.
സംഭരണശേഷിയുടെ 74 ശതമാനം വെള്ളവും സംസ്ഥാനത്തെ പ്രധാന ഡാമുകളില്‍ ഒഴുകിയത്തെിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമിന്‍െറ കാര്യത്തില്‍ വ്യക്തമായ കണക്ക് മറച്ചുവെക്കുന്നതായി ആരോപണമുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സംഭരണശേഷിക്കടുത്തേക്ക് വെള്ളം എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കണക്കുപ്രകാരം അണക്കെട്ടില്‍ 130 അടി വെള്ളമുണ്ട്. 152 അടിയിലേക്ക് സംഭരണശേഷി ഉയര്‍ത്താന്‍ ശ്രമിക്കുന്ന തമിഴ്നാട് അതിര്‍ത്തിയിലെ വൈഗ ഡാമിലേക്ക് ജലം കൊണ്ടുപോകുന്നത് കഴിഞ്ഞദിവസം കുറച്ചിരുന്നു. ഇതോടെയാണ് വെള്ളത്തിന്‍െറ അളവ് കൂടിയത്.  അതേസമയം, വൈഗ ഡാമിന്‍െറ സംഭരണശേഷിയായ 71 അടിയുടെ അടുത്തേക്ക് ജലം ഒഴുകിയത്തെിയിട്ടുണ്ട്. ഇവിടെ 51.44 അടി വെള്ളം സംഭരിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.