ഭോപാൽ: മരിച്ചവരുടെ യഥാർഥകണക്ക് സമർപ്പിച്ചില്ല

ന്യൂഡൽഹി: 31 വർഷമായി വഞ്ചനയേറ്റുവാങ്ങുന്ന ഭോപാൽ വാതകദുരന്ത ഇരകളെ സർക്കാറുകളും സർക്കാർ ഗവേഷണസ്ഥാപനങ്ങളുംചേർന്ന് വീണ്ടും ദ്രോഹിക്കുന്നു. വാതകദുരന്തത്തിന് കാരണക്കാരായ കമ്പനിയെ രക്ഷിക്കാൻ സംസ്ഥാനസർക്കാറും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും നടത്തുന്ന ഒത്തുകളിമൂലം ഇരകളുടെ എണ്ണം കുറച്ചുകാണിച്ച തെറ്റുതിരുത്തുമെന്ന ഉറപ്പ് ഒരുവർഷമായിട്ടും പാലിക്കപ്പെട്ടില്ല.

ഭോപാലുകാർ കഴിഞ്ഞവർഷം ഡൽഹിയിൽ ജലരഹിത നിരാഹാര സത്യഗ്രഹം നടത്തിയതിനെ തുടർന്നാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും യഥാർഥകണക്ക് ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയത്. ദുരന്തത്തിന് ഉത്തരവാദികളായ യൂനിയൻ കാർബൈഡ് കമ്പനിയെയും നിലവിലെ ഉടമകളായ ഡോവ് കെമിക്കൽസിനെയും ഭാരിച്ച നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് രക്ഷപ്പെടുത്താനാണ് കോടതിയിൽ നൽകിയ രേഖകളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സർക്കാറുകൾ കുറച്ചുകാണിച്ചത്. തുടർച്ചയായി വൈദ്യപരിരക്ഷ ആവശ്യമായ നൂറുകണക്കിനാളുകൾ നഷ്ടപരിഹാര ലിസ്റ്റിന് പുറത്താണ്. കഴിഞ്ഞ നവംബറിൽ ആറുവനിതകൾ നടത്തിയ സത്യഗ്രഹം ഒത്തുതീർപ്പാക്കവെ പരിക്കേറ്റവരുടെ കണക്ക് സർക്കാർ ആശുപത്രിരേഖകളിൽനിന്നും മരിച്ചവരുടെ കണക്ക് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിൽനിന്നും ശേഖരിച്ച് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജിക്കൊപ്പം നൽകുമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്.

ഇക്കാര്യം തിരക്കി കേന്ദ്ര രാസ–വള മന്ത്രാലയം അയച്ച കത്തിന് ആറുമാസത്തിനുശേഷമാണ് മധ്യപ്രദേശ് സർക്കാർ മറുപടി നൽകിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. മറുപടിയിലാവട്ടെ ആശുപത്രിയിൽ ചികിത്സ തേടിയ ദുരിതബാധിതരുടെ എണ്ണം കാണിച്ചിട്ടുമില്ല. വാതകദുരന്തത്തിൽപെട്ട 80,000 ഇരകളെക്കുറിച്ച് വർഷങ്ങളായി പഠനം നടത്തുന്ന മെഡിക്കൽ ഗവേഷണ കൗൺസിലും കണക്കുകൾ നൽകാതെ ഒളിച്ചുകളിക്കുകയാണ്. ഭോപാൽജനതക്ക്  നീതി നിഷേധിക്കുന്ന കൗൺസിലിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്ന് സമരങ്ങൾക്ക് നേതൃത്വംനൽകുന്നവർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.