പാരിസ് ഭീകരാക്രമണം: അഅ്സം ഖാന്‍െറ പരാമര്‍ശം വിവാദമാവുന്നു

ന്യൂഡല്‍ഹി: പാരിസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി അഅ്സം ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുന്നു. വന്‍ശക്തികള്‍ ലിബിയ, സിറിയ, അഫ്ഗാനിസ്താന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ നിരപരാധികളെ ഒരു കാരണവുമില്ലാതെ കൊന്നൊടുക്കുന്നതിലുള്ള പ്രത്യാഘാതം മാത്രമാണ് പാരിസ് ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ എന്നായിരുന്നു അഅ്സം ഖാന്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ രംഗത്തുവന്ന ബി.ജെ.പി മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. പ്രസ്താവന ഖേദകരമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഫ്രങ്കോയിസ് റൈച്ചര്‍ പ്രസ്താവിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. യു.പിയിലെ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അഅ്സം ഖാന്‍ കഴിഞ്ഞ ദിവസമാണ് വാര്‍ത്താലേഖകര്‍ക്ക് മുന്നില്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
അമേരിക്ക, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ അറബ് രാഷ്ട്രങ്ങളിലെ നിരപരാധികളെ കൂട്ടക്കൊല നടത്തുന്നതിന്‍െറ സ്വാഭാവിക പ്രതികരണം മാത്രമാണ് ഭീകരാക്രമണമെന്ന് പറഞ്ഞ ഖാന്‍ പാരിസില്‍ നടന്ന ഭീകരാക്രമണം അപലപിക്കപ്പെടുമ്പോള്‍ വന്‍ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും ആര് ആരെ ആദ്യം കൊന്നു എന്ന കാര്യം പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് കുറ്റവാളി, ആരാണ് തീവ്രവാദി തുടങ്ങിയ കാര്യങ്ങള്‍ ഒടുവില്‍ ചരിത്രം കണ്ടത്തെുമെന്നും ലോകം മറ്റൊരു മഹായുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്നും മന്ത്രി തുടര്‍ന്നു.അഅ്സം ഖാന്‍െറ നിലപാടുകള്‍ അസ്വീകാര്യമാണെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. യു.പിയിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ്ങും ഖാന്‍െറ പരാമര്‍ശങ്ങളോട് ശക്തിയായി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.