ന്യൂഡൽഹി: മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്ന പദ്ധതിയിൽ മദ്റസ ബോർഡിന് കീഴിലെ വിദ്യാർഥികളെ തഴഞ്ഞ് യു.പി സർക്കാർ. വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ കക്ഷികൾ വിമർശനം കടുപ്പിച്ചതിന് പിന്നാലെ വിദ്വേഷ പരാമർശവുമായി മുതിർന്ന ബി.ജെ.പി നേതാവ് മുഹ്സിൻ റാസ രംഗത്തെത്തി. ‘മതവിദ്യാഭ്യാസത്തിലെ നേട്ടത്തിന് അംഗീകാരം നൽകാനാവില്ല. അങ്ങനെ വേണ്ടവർ സൗദിയിൽ പോയി അവിടെ നിന്ന് വാങ്ങട്ടെ’ എന്നായിരുന്നു മുഹ്സിന്റെ പരാമർശം.
ഉത്തർപ്രദേശിൽ സംസ്കൃത കൗൺസിൽ അടക്കമുള്ളവക്കുകീഴിൽ പഠിച്ച വിദ്യാർഥികളെ ആദരിച്ചപ്പോൾ മദ്റസ ബോർഡിനുകീഴിൽ സെക്കൻഡറി, ഹയർ സെക്കൻഡറി തുല്യതയുള്ള പരീക്ഷകൾ എഴുതിയ വിദ്യാർഥികളെ തഴഞ്ഞുവെന്നാണ് വിമർശനം. എല്ലാ മതവിഭാഗത്തിനും തുല്യ പരിഗണന നൽകേണ്ടതുണ്ടെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും സമാജ്വാദി പാർട്ടിയും ആവശ്യപ്പെട്ടു. ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന ബി.ജെ.പിയുടെ ആപ്തവാക്യം മദ്റസ ബോർഡിന് കീഴിലുള്ള വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമില്ലെന്ന് സമാജ്വാദി പാർട്ടി പറഞ്ഞു. ഭരണഘടനാപരമായി മതങ്ങൾക്കും ഭാഷകൾക്കും സംരക്ഷണം നിലനിൽക്കുമ്പോഴാണ് സർക്കാർ വിവേചന നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികവ് കാണിച്ച വിദ്യാർഥികൾക്ക് ഒരുലക്ഷം വീതം സമ്മാനം നൽകാൻ യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 4.73 കോടിയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്റസ ബോർഡിന് കീഴിലെ വിവിധ പരീക്ഷകളെ സെക്കൻഡറി, ഹയർ സെക്കൻഡറി തത്തുല്യമാക്കി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ അംഗീകാരം ഉപയോഗിക്കാം. അംഗീകാരമില്ലാത്ത മദ്റസകളിൽ പഠിക്കുന്ന വിദ്യാർഥികളും എയ്ഡഡ് മദ്റസകളിൽ പഠിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ സ്കൂളുകളിലേക്ക് മാറണമെന്ന് അടുത്തിടെ സർക്കാർ നിർദേശമിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.