ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ സങ്കീര്‍ണമായ വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്കാരിക മൂല്യങ്ങളെ ബലപ്പെടുത്തി പ്രചരിപ്പിക്കേണ്ട സമയമാണിപ്പോഴെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
ഇതുവരെ കണ്ടിട്ടില്ലാത്ത വെറുപ്പിന്‍െറ അന്തരീക്ഷത്തോടാണ് ലോകം പോരാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് പഠിക്കുന്ന ഇന്‍ഡോളജിസ്റ്റുകളുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സത്തയായ മൂല്യങ്ങളെയും എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ സംസ്കാരങ്ങളെയും ജീവിതശൈലികളെയും കുറിച്ച് സ്വയം ഓര്‍മിപ്പിക്കുക എന്നതാണ് ഇത്തരമൊരു സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന നല്ല മാര്‍ഗം.
ഭൂതകാലത്തെപ്പറ്റി ഗൃഹാതുരത്വം ഉണര്‍ത്തുന്നതിനുപകരം ഇന്ത്യയുടെ ബഹുസ്വരതയെയും ബഹു സാംസ്കാരികതയെയും ഉയര്‍ത്തിക്കാട്ടുകയാണ് ഇന്‍ഡോളജിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന് രാഷ്ട്രപതി പറഞ്ഞു.
സഹിഷ്ണുത മാത്രമല്ല, സഹാനുഭൂതിയും ലോകം ഇന്ത്യയില്‍നിന്ന് പഠിക്കേണ്ടതുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍െറ വാക്കുകളില്‍കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു. മറ്റെവിടെയുമല്ല, ഇവിടെ ഇന്ത്യക്കാരാണ് മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടി പള്ളികള്‍ പണിതത്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വസുധൈവ കുടുംബകം എന്ന ആശയം ആദ്യമായി ലോകത്തിനു നല്‍കിയത് വേദങ്ങളാണ്.
ആധുനികത സ്വാഗതം ചെയ്യപ്പെടുമ്പോള്‍തന്നെ ചിന്തയിലും പ്രവൃത്തിയിലും ആചാരങ്ങളിലും ചരിത്രം ജനങ്ങളില്‍ സജീവമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോളജിയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ആദ്യ വിശിഷ്ട ഇന്‍ഡോളജിസ്റ്റ് അവാര്‍ഡ് രാഷ്ട്രപതി ജര്‍മന്‍ പണ്ഡിതന്‍ എമിരിറ്റസ് ഹെയ്ന്‍റിച്ച് ഫ്രെയര്‍ വോണ്‍ സ്റ്റീറ്റന്‍ക്രോണിന് സമ്മാനിച്ചു.
ചൈന, റഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നായി 22 ഇന്‍ഡോളജിസ്റ്റുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.