കോൺഗ്രസ്​ വിഘടനവാദികളെ സഹായിക്കുന്നെന്ന് അകാലിദൾ

ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ. വിഘടനവാദികളെ സഹായിക്കുന്ന കോൺഗ്രസ് പഞ്ചാബിൽ കുഴപ്പമുണ്ടാക്കുകയാണെന്നും പാർട്ടിയെ നിരോധിക്കണമെന്നും ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ അധ്യക്ഷൻകൂടിയായ സുഖ്ബീർ സിങ് ബാദൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിലെ സിഖ് തീവ്രവാദവിഭാഗങ്ങളുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വേദിപങ്കിട്ടെന്നാരോപിച്ച് ബാദൽ ശനിയാഴ്ച രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തി.

1980ൽ പഞ്ചാബ് സാക്ഷ്യംവഹിച്ചതുപോലുള്ള സായുധപ്രക്ഷോഭങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധിക്കുകീഴിൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബാദൽ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിെൻറ പ്രധാന ആവശ്യം ഖലിസ്ഥാൻ സംസ്ഥാന രൂപവത്കരണമായിരുന്നുവെന്നും ബാദൽ ആരോപിച്ചു. സംസ്ഥാനത്തെ സംഭവവികാസങ്ങളെ കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് സംസ്ഥാനസർക്കാർ കത്തയച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐ സംസ്ഥാനത്ത് കുഴപ്പം സൃഷ്ടിക്കുന്നതിനിടെയാണ് കോൺഗ്രസ് വിഘടനവാദികളെ  പ്രോത്സാഹിപ്പിക്കുന്നതെന്നും ബാദൽ ആരോപിച്ചു.

ബാദലിെൻറ ആരോപണം സ്വന്തം പരാജയം മറച്ചുവെക്കാനാണെന്ന് ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ക്യാപ്റ്റൻ അമരീന്ദർ കുറ്റപ്പെടുത്തി. ഖലിസ്ഥാൻ പ്രക്ഷോഭകാലത്ത് ഭരണഘടനയുടെ പകർപ്പ് കത്തിച്ചതിൽ ഇന്നും അഭിമാനംകൊള്ളുന്ന നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിെൻറ മകനിൽനിന്ന് ദേശീയതയെയും രാജ്യസ്നേഹത്തെയും കുറിച്ചുള്ള പാഠങ്ങൾ കോൺഗ്രസിന് ആവശ്യമില്ലെന്നും അമരീന്ദർ പറഞ്ഞു. അമൃത്സറിൽ നടന്ന സിഖുമത ചടങ്ങിൽ പങ്കെടുത്തവർ ബാദൽ സർക്കാറിനെതിരായ രോഷമാണ് പ്രകടിപ്പിച്ചതെന്നും ഖലിസ്ഥാൻ ആവശ്യം ഉന്നയിച്ചില്ലെന്നും  അമരീന്ദർ സിങ് വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.