ഹെഡ്ലിയുടെ ഭാര്യയെ ചോദ്യംചെയ്യാന്‍ അനുമതി തേടി എന്‍.ഐ.എ


ന്യൂഡല്‍ഹി: മുംബൈ ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലിയുടെ മൊറോക്കോക്കാരിയായ ഭാര്യയെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ പുതിയ അപേക്ഷ നല്‍കി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ഹെഡ്ലിക്കുള്ള ബന്ധവും സംഭവത്തില്‍ പാകിസ്താനുള്ള പങ്കും അന്വേഷിക്കാനാണ് ഹെഡ്ലിയുടെ ഭാര്യ ഫായിസ ഒൗതല്‍ഹയെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ അനുമതി തേടിയിരിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ എന്‍.ഐ.എ നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാതെ വന്നപ്പോഴാണ് പുതിയ അപേക്ഷ നല്‍കിയത്. പാകിസ്താന്‍ സൈന്യത്തിലെ രണ്ട് മേജര്‍മാരായ ഹാഫിസ് സഈദ്, സകിയ്യുര്‍ റഹ്മാന്‍ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലില്ലാത്ത രാജ്യമാണ് മൊറോക്കോ. മൊറോക്കോയുടെ നയതന്ത്ര ഭാഷയായ ഫ്രഞ്ചില്‍ അല്ലാത്തതിലാണ് ആദ്യത്തെ അപേക്ഷ നിരസിച്ചത്. പുതിയ അപേക്ഷ ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാണ് നല്‍കിയത്.
ഫായിസ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണം നടന്ന മുംബൈയിലെ താജ് ഹോട്ടലും അവര്‍ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള പാക് വംശജനായ ഹെഡ്ലി 35 വര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് ഷികാഗോയിലെ ജയിലിലാണ് ഇപ്പോള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.