ന്യൂഡൽഹി: രാജ്യത്ത് 2016ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നാല് ജഡ്ജിമാർ നോട്ടു നിരോധനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ വിയോജിച്ചു. ജസ്റ്റിസുമാരായ നസീർ, ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു.
കേന്ദ്രസർക്കാർ മുൻകൈയെടുത്തതുകൊണ്ട് മാത്രം തീരുമാനം തെറ്റാണെന്ന് പറയാനാകില്ല. നോട്ട് മാറ്റാൻ 52 ദിവസം നൽകിയതിൽ യുക്തിരാഹിത്യമില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ആർ.ബി.ഐയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും രണ്ട് മുതൽ ആറു മാസം വരെ നീണ്ട ചർച്ചക്കൊടുവിലാണ് തീരുമാനമെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
എന്നാൽ, നോട്ട് നിരോധനം പാർലമെന്റ് വഴി നടപ്പാക്കണമായിരുന്നെന്നും സർക്കാർ ചെയ്യേണ്ടതായിരുന്നില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 58 ഹരജികളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഹരജികൾ കോടതി തള്ളി.
2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ഒരു രാത്രിയുണ്ടായ നിരോധനം മൂലം 10 ലക്ഷം കോടി രൂപയാണ് വിപണിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി, റിസർവ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാൻ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.
നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ചിദംബരം, ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാൻ സർക്കാറിന് സ്വന്തംനിലയിൽ കഴിയില്ലെന്നും റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമെ സാധിക്കൂവെന്നും വാദിച്ചിരുന്നു. അതേസമയം, നടപടി വ്യാജ നോട്ട്, തീവ്രവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും മികച്ച തീരുമാനമാണെന്നും അടുത്തിടെ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.