ഗാന്ധിനഗർ: ഗുജാറാത്തിൽനിന്ന് ക്രൂരമായ ജാതി ആക്രമണത്തിന്‍റെ റിപ്പോർട്ടാണ് ലഭിക്കുന്നത്. പരമ്പരാഗത തലപ്പാവും കൂളിങ് ഗ്ലാസും നല്ല വസ്ത്രവും ധരിച്ചതിന് ദലിത് യുവാവ് സവർണരുടെ ആക്രമണത്തിനിരയായി. കഴിഞ്ഞ ബുധനാഴ്ച സബർകാന്ത ജില്ലയിൽ ഹിമത്‌നഗർ താലൂക്കിൽ സയേബപൂർ ഗ്രാമത്തിലെ 24കാരനു നേരെയാണ് ജാതിക്കോമരങ്ങളുടെ ആക്രമണമുണ്ടായത്.
മുച്ചക്ര വാഹന ഡ്രൈവറായ അജയ് പർമർ നൽകിയ പരാതിയിൽ ദർബാർ സമുദായത്തിൽപ്പെട്ട നാലു പേർ തന്നെ ആക്രമിച്ചതായി പറയുന്നു. കൂളിങ് ഗ്ലാസും തലപ്പാവും ധരിച്ച് യുവാവ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് നവനഗർ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് യുവാവിനെ മർദിക്കുകയായിരുന്നു. ദർബാർ സമുദായത്തിൽ നിന്നുള്ളവർ മാത്രമേ തലപ്പാവും കൂളിങ് ഗ്രാസും ധരിക്കാവൂ എന്നും ഈ ചിത്രം ഇൻസ്റ്റഗ്രാമിൽനിന്ന് ഡിലീറ്റ് ചെയ്യണമെന്നും പറഞ്ഞായിരുന്നു മർദനമെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതേ കാരണം പറഞ്ഞ് ഒരു സംഘം ആളുകൾ പിന്നീട് ഗ്രാമത്തിൽ വെച്ചും തന്നെ തല്ലിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ ഏക ദലിത് കുടുംബമാണ് ഇവരുടേത് എന്നാണ് റിപ്പോർട്ട്.
നേരത്തെയും സമാന കാരണം പറഞ്ഞുള്ള ജാതി ആക്രമണം ഗുജറാത്തിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചതിന് കഴിഞ്ഞ വർഷം ജൂണിൽ 21കാരനായ ദലിത് യുവാവിനെയും കുടുംബത്തെയും രജപുത്ര സമുദായക്കാർ ആക്രമിച്ചിരുന്നു. പാലംപൂരിലെ മോട്ട ഗ്രാമത്തിലായിരുന്നു അന്നത്തെ സംഭവം.
2023 നവംബറിൽ, ശമ്പളം ചോദിച്ച 21കാരനായ ദലിത് യുവാവിനെ തൊഴിലുടമ ചെരിപ്പുകൊണ്ട് അടിച്ചത് വാർത്തയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ, ഗാന്ധിനഗറിൽ വിവാഹ ഘോഷയാത്രിൽ കുതിരപ്പുറത്ത് കയറിയ ദലിത് യുവാവിനെ നാല് പേർ ചേർന്ന് മർദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.