ധനഞ്ജയ് ബാലകൃഷ്ണൻ 

ബിരുദദാന ചടങ്ങിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി മദ്രാസ് ഐ.​ഐ.ടി വിദ്യാർഥി

ചെന്നൈ: മദ്രാസ് ഐ.​ഐ.ടി ബിരുദദാന ചടങ്ങിനിടെ ഫലസ്തീൻ ഐക്യദാർഢ്യവുമായി ഗവർണറുടെ പുരസ്കാരത്തിന് അർഹനായ വിദ്യാർഥി. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ധനഞ്ജയ് ബാലകൃഷ്ണനാണ് ഗസ്സയിൽ നടക്കുന്ന വംശഹത്യക്കെതിരെ ശബ്ദമുയർത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്‍റെ ക്രൂരമായ ആക്രമണത്തെ പിന്തുണക്കുന്നതിനെക്കുറിച്ച് ധനഞ്ജയ് സംസാരിച്ചു.

"വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഈ വേദി ഉപയോഗിച്ചില്ലെങ്കിൽ അത് വലിയ അനീതിയാണ്. ഫലസ്തീനിൽ കൂട്ട വംശഹത്യയാണ് നടക്കുന്നത്. ആളുകൾ വലിയ തോതിൽ മരിക്കുന്നു. നമ്മൾ എന്തിന് വിഷമിക്കണമെന്ന് നിങ്ങൾ ചോദിച്ചേക്കാം? എന്നാൽ ചരിത്രപരമായി, ഇസ്രായേൽ പോലുള്ള സാമ്രാജ്യത്വ ശക്തികൾ ഗൂഢലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശാസ്ത്രം, സാ​ങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നിവയെ ഉപയോഗിച്ചിട്ടുണ്ട്" -ധനഞ്ജയ് ബാലകൃഷ്ണൻ പറഞ്ഞു.

“വളരെ ലാഭകരമായ ശമ്പളവും മികച്ച ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ടെക് ഭീമൻമാരിൽ ഉയർന്ന തലത്തിലുള്ള ജോലികൾ ലഭിക്കാൻ എഞ്ചിനീയറിങ് വിദ്യാർഥികളെന്ന നിലയിൽ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഈ കമ്പനികളിൽ പലതും ഫലസ്തീനിനെതിരായ യുദ്ധത്തിൽ നേരിട്ടും അല്ലാതെയും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന് കൊല്ലാനുപയോഗിക്കുന്ന സാങ്കേതികവിദ്യ അവർ നൽകുന്നു -ധനഞ്ജയ് തുടർന്നു.

“എളുപ്പമായ പരിഹാരങ്ങളൊന്നുമില്ല, എല്ലാ ഉത്തരങ്ങളും എനിക്കില്ല. എഞ്ചിനീയർമാർ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. അധികാര അസന്തുലിതാവസ്ഥയുടെ ഈ സങ്കീർണ സംവിധാനങ്ങളിൽ നമ്മുടെ സ്ഥാനം ചോദ്യം ചെയ്യേണ്ടതുണ്ട്. ജാതി, വർഗം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് മനസിലാക്കാൻ ശ്രമിച്ചുകൊണ്ട് ഈ അവബോധം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഷ്ടപ്പാടുകളുടെ ഒരിക്കലും അവസാനിക്കാത്ത ചക്രം തടയുന്നതിനുള്ള ആദ്യപടിയാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു -ധനഞ്ജയ് പറഞ്ഞു.

ജനങ്ങളെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റാനുള്ള പ്രവർത്തനങ്ങളാണ് ചെയ്യേണ്ടതെന്നും ധനഞ്ജയ് ബാലകൃഷ്ണൻ പറഞ്ഞു. ഒന്നും ചെയ്യാതിരിക്കുന്നത് കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നതിന് തുല്യമാണ്. കഠിനമായാലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്കും എനിക്കും എല്ലാവർക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനഞ്ജയ് കൂട്ടിച്ചേർത്തു.

2012 ലെ കെമിസ്ട്രി നോബൽ ജേതാവ് ബ്രയാൻ കെ. കോബിൽക്ക ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ഉക്രൈനിലും ഗാസയിലും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് മതനേതാക്കന്മാർക്കും ഐക്യരാഷ്ട്രസഭക്കും മറ്റ് ലോക നേതാക്കൾക്കും എഴുതിയ കത്തിൽ ഒപ്പിട്ട നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് അദ്ദേഹം. 

Tags:    
News Summary - What an IIT Madras Student Said in His Rousing Pro-Palestine Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.