ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിപ്രകാരം വ്യവസായങ്ങള്‍ ആരംഭിക്കല്‍ ലളിതപ്രക്രിയയാകുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാവുന്ന സ്റ്റാര്‍ട്ടപ് ഇന്ത്യ മൊബൈല്‍ ആപ് വഴിയോ http://startupindia.gov.in എന്ന വെബ്സൈറ്റ് വഴിയോ വീട്ടിലിരുന്ന് കമ്പനി രജിസ്റ്റര്‍ ചെയ്യാം. സംരംഭത്തിന്‍െറ ആധികാരികത ഉറപ്പുവരുത്തി മാര്‍ഗനിര്‍ദേശകരോ നിക്ഷേപകരോ നല്‍കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകളുടെ മാതൃകയും മറ്റു നിയമങ്ങളും സൈറ്റിലുണ്ട്.
1800115565 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പുതുസംരംഭകര്‍ക്കു വേണ്ട നിര്‍ദേശങ്ങളെല്ലാം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നു വര്‍ഷത്തേക്ക് പരിശോധന പാടില്ളെന്നു നിര്‍ദേശിച്ച് കേന്ദ്ര തൊഴില്‍-പരിസ്ഥിതി മന്ത്രാലയങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. പേറ്റന്‍റ് അപേക്ഷകള്‍ കാലതാമസമില്ലാതെ അനുവദിക്കും.
നിയമവിദഗ്ധര്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ വഹിക്കും. ചുരുങ്ങിയ അപേക്ഷാഫീസുമാത്രം സംരംഭകര്‍ നല്‍കിയാല്‍ മതി. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്‍റിന്‍െറ പരിഗണനയിലുള്ള ബില്‍ പാസായശേഷമേ ഇതു പ്രാബല്യത്തില്‍ വരൂ എന്ന് വ്യവസായ പ്രോത്സാഹന നയ വകുപ്പ് സെക്രട്ടറി രമേഷ് അഭിഷേക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.