മദ്യവിരുദ്ധ സമരക്കാര്‍ക്കെതിരെ തമിഴ്നാട്ടില്‍ വീണ്ടും രാജ്യദ്രോഹക്കേസ്

ചെന്നൈ: മദ്യവര്‍ജന സെമിനാറിന് നേതൃത്വം നല്‍കിയ ആറു മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ തമിഴ്നാട് പൊലീസ് രാജ്യദ്രോഹക്കേസ് എടുത്തു. സംഭവത്തില്‍ രാഷ്ട്രീയനേതാക്കളും കേന്ദ്രമന്ത്രിയും പ്രതിഷേധവുമായി രംഗത്ത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മദ്യക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ സെമിനാര്‍ സംഘടിപ്പിച്ച മക്കള്‍ അധികാരം സംഘടനയുടെ സംസ്ഥാന രക്ഷാധികാരി അഡ്വ. സി. രാജു, കാളിയപ്പന്‍, ആനന്ദിയമ്മാള്‍, ഡേവിഡ് രാജു, വഞ്ചിനാതന്‍, ധനശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ധനശേഖരന്‍ മദ്യവിതരണ പൊതുമേഖലാ സ്ഥാപനമായ ‘ടസ്മാക്കി’ന്‍െറ തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണ്.

സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ജയലളിതക്കെതിരെയും സംസാരിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് വിവിധ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ‘ടസ്മാക്ക്’ മദ്യക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 14ന് ഉഴവാര്‍ ശാന്തി മൈതാനത്താണ് പരിപാടി നടത്തിയത്. ഒരു മാസം മുമ്പ് നടന്ന പരിപാടിക്കെതിരെ മാര്‍ച്ച് 26നാണ് നഗരത്തിലെ തിലൈ്ള നഗര്‍ പൊലീസ് കേസെടുത്തത്. പരിപാടിക്കെതിരെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രവിചന്ദ്രനാണ് പരാതി നല്‍കിയത്. സെമിനാറില്‍ സംസാരിച്ച ഒന്നാംക്ളാസ് വിദ്യാര്‍ഥിനിയുടെ പേര് പൊലീസ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ നടുക്കം രേഖപ്പെടുത്തി. മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം മധുരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ജനക്ഷേമമുന്നണി ജനറല്‍ കണ്‍വീനര്‍ വൈകോയും പ്രതിഷേധിച്ചു.

മദ്യനിരോധ വിഷയത്തില്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെ പാട്ടുപാടി യുട്യൂബില്‍ പോസ്റ്റ് ചെയ്ത നാടന്‍പാട്ട് കലാകാരനും തൃശ്ശിനാപ്പള്ളി സ്വദേശിയുമായ കോവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 30നാണ് അറസ്റ്റ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.