പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉപഭോക്താവിന്‍െറ താമസസ്ഥലവും വാഹനമേഖലയും ഒരേ ആര്‍.ടി.ഒ പരിധിയിലാണെങ്കില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ ആവശ്യമില്ളെന്ന നിലവിലെ നിബന്ധന മാറ്റിയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍െറ പുതിയ നിര്‍ദേശം. ഇതര ആര്‍.ടി.ഒ പരിധി, ഇതര ജില്ല, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നേടുകയും സ്വന്തം ആര്‍.ടി.ഒ പരിധിയില്‍നിന്ന് സ്ഥിരരജിസ്ട്രേഷന്‍ സ്വന്തമാക്കുകയുമാണ് നിലവിലെ രീതി. ഇതു പരിഷ്കരിച്ച് എല്ലാ വാഹനങ്ങള്‍ക്കും താല്‍ക്കാലിക രജിസ്ട്രേഷനും 30 ദിവസത്തിനകം സ്ഥിരംരജിസ്ട്രേഷനുമാണ് വകുപ്പ് വ്യവസ്ഥചെയ്യുന്നത്. താല്‍ക്കാലിക രജിസ്ട്രേഷന്‍ സമയത്ത് നികുതി, സെസ്, എന്നിവ പൂര്‍ണമായി അടയ്ക്കണം. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട തുക നേരത്തേ കിട്ടും. നികുതി വെട്ടിപ്പ് നടത്താന്‍ പുതുച്ചേരിയിലടക്കം എത്തിച്ച് രജിസ്ട്രേഷന്‍ നേടുന്നത് തടയാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. പുതുച്ചേരിയില്‍ സ്ഥിരരജിസ്ട്രേഷന്‍ വേണമെങ്കില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ രേഖയില്‍ ഇക്കാര്യം വ്യക്തമാക്കണം.  

താല്‍ക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രമേ സമര്‍പ്പിക്കാവൂവെന്ന് വകുപ്പ് വ്യക്തമാക്കുന്നു. വിവരങ്ങള്‍ നല്‍കുന്നതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം വാഹന വ്യാപാരിക്കും ട്രേഡ് സര്‍ട്ടിഫിക്കറ്റിന്‍െറ ഉടമക്കുമായിരിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍, വികലാംഗരുടെ വാഹനങ്ങള്‍ തുടങ്ങി നികുതിയിളവ് ആവശ്യമായ വ്യക്തികള്‍ മുന്‍കൂട്ടി ആര്‍.ടി.ഒയെ സമീപിച്ച് നികുതിയിളവിനുള്ള ഉത്തരവ് വാങ്ങുകയും നിര്‍ദിഷ്ട ഭാഗത്ത് അപ്ലോഡ് ചെയ്യുകയും വേണം. ഉപഭോക്താവ് വാഹനവായ്പ എടുത്തിട്ടുണ്ടെങ്കില്‍ ഹൈപ്പോത്തിക്കേഷന്‍ നല്‍കിയ സ്ഥാപനത്തിന്‍െറ പൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കണം. റദ്ദാക്കുകയോ മടക്കുകയോ ചെയ്യുന്ന അപേക്ഷകള്‍ തെറ്റ് തിരുത്തുന്നതിന് 24 മണിക്കൂറിനകം പുന$സമര്‍പ്പണം ചെയ്യണം. അതത് ദിവസം ഉച്ചക്ക് രണ്ടിനുമുമ്പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ അന്നേദിവസം പരിഗണിക്കൂ. രണ്ടിനുശേഷം ലഭിക്കുന്നവ തൊട്ടടുത്ത പ്രവൃത്തിദിവസം പരിഗണിക്കും.
ആര്‍.ടി.ഒയുടെ അധികാര പരിധിയും ഡീലറുടെ വ്യാപാര മേഖലയും മാറ്റി അപേക്ഷ സമര്‍പ്പിച്ചാല്‍ വാഹന വ്യാപാരിയുടെ പേരില്‍ സംസ്ഥാനത്തുള്ള എല്ലാ ട്രേഡ് സര്‍ട്ടിഫിക്കറ്റുകളും താല്‍ക്കാലികമായി റദ്ദാക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാലും ഇതേ നടപടിയുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.