ശനി ഷിങ്ക്നാപുര്‍: കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രദര്‍ശനത്തിന് എത്തിയ സ്ത്രീകളെ തടഞ്ഞു

മുംബൈ: സ്ത്രീകളുടെ ക്ഷേത്രപ്രവേശം തടയരുതെന്ന ഹൈകോടതി വിധി വന്നിട്ടും അഹ്മദ്നഗറിലെ ശനി ഷിങ്ക്നാപുര്‍ ക്ഷേത്ര ദര്‍ശനത്തിനത്തെിയ വനിതാ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത തെളിഞ്ഞതോടെ ക്ഷേത്രപ്രവേശത്തിന് എത്തിയ 26 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീകളുടെ ക്ഷേത്രപ്രവേശ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് തടഞ്ഞത്.

ഉച്ചക്ക് മൂന്നരയോടെ ദര്‍ശനത്തിനത്തെിയ സംഘത്തെ നാട്ടുകാരും സ്വകാര്യ സെക്യൂരിറ്റിക്കാരുമാണ് തടഞ്ഞത്. പൊലീസ് ആദ്യം ഇടപെട്ടില്ല. തുടര്‍ന്ന് ധര്‍ണ നടത്തിയ തൃപ്തി ക്ഷേത്രപ്രവേശത്തിന് സൗകര്യമൊരുക്കാന്‍ കലക്ടര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെട്ടു.
അനുകൂല തീരുമാനമുണ്ടാകാത്തതിനെതുടര്‍ന്ന് വൈകീട്ടോടെ സംഘം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാനാണ് തൃപ്തിയെയും സംഘത്തെയും കസ്റ്റഡിയില്‍ എടുത്തതെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു.

ഭരണഘടനയുടെ കൊലപാതകമാണ് നടന്നതെന്ന് തൃപ്തി ദേശായി പറഞ്ഞു. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.